തൃശൂർ: കുന്നംകുളത്ത് അരങ്ങേറിയ റവന്യൂ ജില്ലാ കലോത്സവം കൊടിയിറങ്ങിയത് മത്സരാർത്ഥികളെ വട്ടം കറക്കി. ആദ്യ ദിനത്തിൽ തന്നെ അർദ്ധരാത്രിയിലാണ് മത്സരങ്ങൾ സമാപിച്ചത്. തുടർന്നുള്ള എല്ലാ ദിവസങ്ങലിലും മത്സര ക്രമങ്ങൾ പിഴച്ചു. സമാപന സമ്മേളനം നടക്കുമ്പോൾ പോലും മത്സരം നടത്തി സംഘാടകർ റവന്യൂ ജില്ലാ കലോത്സവത്തെ വേറിട്ടതാക്കി !. പതിവായി ആദ്യദിനത്തിൽ സ്റ്റേജിതര മത്സരങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. എന്നാൽ ഇത്തവണ അന്നേ ദിവസം സ്റ്റേജ് മത്സരങ്ങളും അരങ്ങേറി. രണ്ടാംദിനം വിശ്രമദിനമായിട്ടും പിറ്റേ ദിവസമായ വ്യാഴാഴ്ച്ച പതിനേഴ് വേദികളിൽ ഒരു വേദികളിൽ പോലും മത്സരം കൃത്യമായി ആരംഭിക്കാൻ സാധിച്ചില്ല. ഇതോടെ വെള്ളിയാഴ്ച്ച പുലർച്ചെ മൂന്നു മണി വരെ മത്സരം നീണ്ടു. മൂന്നാം ദിവസം വേദികളിലേക്ക് മത്സരാർത്ഥികളെ കൃത്യസമയത്ത് എത്തിക്കാൻ സൗകര്യം ഒരുക്കാത്തതും മത്സരങ്ങൾ വൈകിപ്പിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിക്കേണ്ട മത്സരങ്ങൾ ആരംഭിച്ചത് രാത്രി എട്ട് മണിയോടെ. അന്നത്തെ മത്സരം പൂർത്തിയായത് ശനിയാഴ്ച്ച പുലർച്ചെ നാലരയ്ക്ക്. ഉച്ചയ്ക്ക് വേഷം കെട്ടിയ കുട്ടികൾക്കാണ് പതിനാലു മണിക്കൂറോളം കാത്തിരിക്കേണ്ടി വന്നത്. അവസാന ദിനത്തിൽ ആകെ ഉണ്ടായിരുന്നത് 17 ഇനങ്ങളാണ്. അന്നും രാത്രി പത്തരയ്ക്ക് ശേഷമാണ് മത്സരം പൂർത്തിയാക്കിയത്. വൈകിട്ട് ആറിന് നടത്താൻ നിശ്ചയിച്ചിരുന്ന സമാപന സമ്മേളനം നടന്നതും മണിക്കൂറുകൾ കഴിഞ്ഞായിരുന്നു. നിരവധി കുട്ടികളാണ് തളർന്ന് വീണത്.


പ്ലാനിംഗില്ലാതെ നടത്തിപ്പ്

ഇത്തവണ അഞ്ച് ഇനങ്ങൾ കലോത്സവത്തിൽ പുതിയതായി ഏർപ്പെടുത്തിയിരുന്നു. ഗോത്രകലാരൂപങ്ങളായിരുന്നു എല്ലാം. ഇതിൽ പല മത്സരവും ഒരോന്ന് പതിനഞ്ചു മിനിറ്റ് സമയം ദൈർഘ്യമുള്ളതായിരുന്നു.
അതുകൊണ്ട് തന്നെ പല വേദികളിലും കൂടുതൽ സമയം എടുത്തു. എന്നാൽ കൂടുതൽ ഇനങ്ങളുണ്ടായിട്ടും അതിനാവശ്യമായ ക്രമീകരണങ്ങൾ നടത്തിയില്ലെന്ന ആക്ഷേപവും ശക്തമാണ്.


വൈകിപ്പിച്ചത് മറ്റുള്ളവരും

മത്സരം വൈകിപ്പിച്ചതിൽ സംഘാടകർക്ക് മാത്രമല്ല പങ്ക്. വേദി ഒരുക്കുന്നതിലും ആദ്യം സ്റ്റേജിൽ കയറുന്നതിലും മത്സാർത്ഥികൾക്ക് ഒപ്പമുള്ള പരിശീലകരും മറ്റുള്ളവരും നടത്തിയ കടുംപിടുത്തങ്ങളും മത്സരക്രമത്തെ ബാധിച്ചു. പല മത്സര നടത്തിപ്പുകളിലും രക്ഷിതാക്കളുടെ ഇടപെടലുകളും കാരണമായി. മത്സരാർത്ഥികളെ കൊണ്ട് വരുന്ന അദ്ധ്യാപകർക്ക് പോലും ഇക്കാര്യത്തിൽ ഇടപെടൽ നടത്താൻ സാധിച്ചില്ല. കഴിഞ്ഞ ദിവസം തിരുവാതിര ഫലത്തെ ചൊല്ലിയുളള തർക്കത്തിനിടെ സ്റ്റേജിൽ ഉപരോധ സമരം നടത്തിയത് സ്‌കൂള അധികൃതർ പോലും അറിയാതെയായിരുന്നു. ഇതിനിടെ ഉണ്ടായ പല പ്രതിഷേധങ്ങളും നടത്തിപ്പിനെ ബാധിച്ചു.