അത്താണി : പറഞ്ഞുതീരാത്ത വിശേഷങ്ങളും, മധുരം നിറഞ്ഞ ഓർമ്മകളുമായി അവർ വീണ്ടും ഒത്തുകൂടി. വടക്കാഞ്ചേരി നഗരസഭയുടെ ആര്യംപാടം പകൽ വീട്ടിൽ സംഘടിപ്പിച്ച വയോജന സംഗമം ഓർമ്മകളുടെ ഒത്തുചേരലായി. ശാരീരിക അവശതകൾ മറന്ന് വൃദ്ധജനങ്ങൾ സർഗാത്മക കഴിവുകളെ പൊടി തട്ടിയെടുത്തപ്പോൾ സംഗമം സംഗീതസാന്ദ്രമായി.
പകൽ വീടിന്റെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് മുന്നോടിയായാണ് സംഗമം സംഘടിപ്പിച്ചത്. ഹെൽത്തി ഏജിംഗ് പദ്ധതി വഴി വയോജനങ്ങൾക്ക് സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതോടൊപ്പം, മാനസികാരോഗ്യവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ആഴ്ച തോറും ആരോഗ്യ പരിശോധനയും പോഷകാഹാര സമൃദ്ധമായ ഭക്ഷണവും നഗരസഭ ഏർപ്പെടുത്തി.
സാമൂഹികമായി ഒറ്റപ്പെട്ട വയോജനങ്ങളുടെ നൈപുണ്യ വികസനത്തിനുള്ള അവസരം ഉറപ്പാക്കാനും സാമൂഹികസുരക്ഷയും സഹായവും നൽകി ജീവിത നിലവാരം മെച്ചപ്പെടുത്താനും പകൽവീട് പദ്ധതിയിലൂടെ കഴിയും. സംഗമവും, ഇനി ഞാൻ ഒഴുകട്ടെ കാമ്പയിൻ മൂന്നാംഘട്ട ജില്ലാതല ഉദ്ഘാടനവും നഗരസഭാ ചെയർമാൻ പി.എൻ.സുരേന്ദ്രൻ നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ ഷീലാ മോഹൻ അദ്ധ്യക്ഷയായി. എം.ആർ.അനൂപ് കിഷോർ, എ.എം.ജമീലാബി, പി.ആർ.അരവിന്ദാക്ഷൻ, ജിൻസി ജോയ്‌സൺ, ധന്യ നിധിൻ, കെ.എ.വിജേഷ്, ലില്ലി ജോസഫ്, എസ്.ബി.ഐശ്വര്യ, മല്ലിക സുരേഷ്, കെ.കെ.മനോജ്, തുടങ്ങിയവർ സംസാരിച്ചു. കാലടി ശ്രീ ശങ്കരാചാര്യ കോളേജ് തിരൂർ ഉപകേന്ദ്രത്തിലെ ഒന്നാം സെമസ്റ്റർ എം.എസ്. ഡബ്ലിയു വിദ്യാർത്ഥികൾ കലാപരിപാടികൾ അവതരിപ്പിച്ചു.