 
മാള: കുഴൂർ പഞ്ചായത്തിലെ തെക്കൻ താണിശ്ശേരി- കള്ളിയോട് റോഡിന്റെ ശോചനീയാസ്ഥയ്ക്ക് ഇനിയും പരിഹാരമായില്ല. രണ്ടര വർഷമായി മെറ്റലും ടാറിംഗും ഇളകി കുണ്ടുംകുഴിയും ചെളിയുമായി കിടക്കുന്ന റോഡിൽ ശക്തമായ മഴ കൂടി പെയ്തൊഴിഞ്ഞതോടെ കാൽനട യാത്രപോലും ദുഷ്‌കരമായിരിക്കയാണ്. ജനകീയ സമരങ്ങൾ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും അധികൃതർ കണ്ട മട്ടില്ല. റോഡിന്റെ ശോചനീയാവസ്ഥമൂലം പൊതുഗതാഗത സംവിധാനം നിലച്ചു. ഓട്ടോക്കാരടക്കം ഈ റോഡിലൂടെ വരാൻ മടിക്കുകയാണ്. ഇരുചക്ര വാഹനയാത്രികർ കുഴികളിൽ വീണ് അപകടത്തിൽപ്പെടുന്നത് പതിവാണ്.
കുഴൂർ പഞ്ചായത്തിലെ 11, 12, 14 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് മഠത്തുംപടി, ഐരാണിക്കുളം, താണിശ്ശേരി എന്നിവിടങ്ങളിലെ നാല് സ്‌കൂളുകളിലേക്കും താണിശ്ശേരിയിലേയും തിരുമുക്കളത്തെയും പള്ളികൾ, ക്ഷേത്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലേക്കും എത്തിച്ചേരാനുള്ള പ്രധാന മാർഗമാണ്. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാരും തിരുമുക്കുളം പള്ളിയുടെ നേതൃത്വത്തിലും നിരവധി തവണ സമരങ്ങൾ നടത്തിയെങ്കിലും പരിഹാരം ഇനിയുമായില്ല. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഈ റോഡ് പ്രധാനമന്ത്രി ഗ്രാമീണ സഡക്‌യോജന പദ്ധതിയിൽപ്പെടുത്തി 2.34 കോടി ചെലവിൽ ഒരു വർഷം മുമ്പ് നവീകരണം ആരംഭിച്ചെങ്കിലും ചില കവർട്ടുകൾ നിർമ്മിച്ചതല്ലാതെ മറ്റ് പ്രവർത്തനങ്ങളൊന്നും നടന്നില്ല. റോഡ് ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ജനകീയാവശ്യം.
നിലവിലെ കരാറുകാരനെ ഒഴിവാക്കി. പുതിയ ടെൻഡർ നടപടികൾ ആരംഭിച്ചു. എത്രയും വേഗം ടെൻഡർ നടപടി പൂർത്തീകരിച്ച് ജൂൺ മാസത്തിന് മുമ്പ് ടാറിംഗ് പൂർത്തിയാക്കും.
- ശോഭന ഗോകുൽനാഥ്
ജില്ലാ പഞ്ചായത്ത് അംഗം
റോഡിന്റെ ദയനീയാവസ്ഥ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. അധികൃതർക്ക് പലവട്ടം പരാതികൾ നൽകിയിട്ടും ഇതുവരെ യാതൊരു പരിഹാര നടപടിയും ഉണ്ടായില്ല.
- പി.കെ. സോജൻ
(ഐരാണിക്കുളം സ്വദേശി)