photo-

ചെറുതുരുത്തി: കൊയ്‌തെടുക്കാറായ ഒന്നരയേക്കറോളം നെൽക്കൃഷി പന്നിക്കൂട്ടം നശിപ്പിച്ച നിലയിൽ. പള്ളിക്കൽ പന്നിയഅടി പാടശേഖരത്തിലാണ് കാട്ടിൽ നിന്ന് ഇറങ്ങിവരുന്ന പന്നിക്കൂട്ടം ദിനംപ്രതി വലിയതോതിൽ നെൽക്കൃഷി നശിപ്പിക്കുന്നത്. പള്ളിക്കരവീട്ടിൽ സുധാകരന്റെ നെൽക്കൃഷിയാണ് നശിപ്പിച്ചത്. അടുത്തമാസം കൊയ്‌തെടുക്കാറായ നിലയിൽ കതിരുകൾ നിറഞ്ഞ നെൽപ്പാടം ഇപ്പോൾ ഉഴുതു മറിച്ച നിലയിലാണ്.

കഴിഞ്ഞവർഷവും സമാനമായ രീതിയിൽ കൃഷി നശിപ്പിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരെ വിവരമറിയിച്ചെങ്കിലും കാട്ടുപന്നികൾ ആയതിനാൽ വനംവകുപ്പിനെ അറിയിക്കാനാണ് നിർദ്ദേശം നൽകിയത്. ഇത്തവണയും വലിയ തോതിൽ കൃഷി നശിപ്പിച്ചു. വലിയ കടബാദ്ധ്യത വരുന്ന സാഹചര്യത്തിൽ കൃഷി നിറുത്താനുള്ള ഒരുക്കത്തിലാണ് കർഷകർ. ദിവസവും രാത്രി കൂട്ടത്തോടെ കാട്ടിൽ നിന്നും പന്നികൾ ഇറങ്ങി വരുന്നത് പതിവാണ്. ഇവ പാടശേഖരങ്ങളിൽ ചളിയിൽ കിടന്നു ഉരുളുന്നതാണ് നെൽച്ചെടികൾ നശിക്കാനുള്ള കാരണം. ഒന്നില്ലെങ്കിൽ നാശ നഷ്ടത്തിന് ധനസഹായം ലഭിക്കാനുള്ള നടപടിയോ, അതല്ലെങ്കിൽ കാട്ടുപന്നികളെ നിയന്ത്രിക്കാനുള്ള നടപടിയോ വേണമെന്നാണ് കർഷകരുടെ ആവശ്യം.