nattika

തൃപ്രയാർ: നാട്ടിക പഞ്ചായത്ത് ഒൻപതാം വാർഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിനിടെ പൊലീസും മുൻ എം.പി ടി.എൻ.പ്രതാപനുമായി വാക്കേറ്റം. പിന്നാലെ യു.ഡി.എഫ് പ്രവർത്തകരും പൊലീസുമായി ഉന്തു തള്ളും നടന്നു. പരസ്യപ്രചാരണത്തിന് ആവേശകരമായ സമാപനം കുറിക്കുന്നതിനിടെയായിരുന്നു വാക്കേറ്റവും ഉന്തും തള്ളും.

ശ്രീവിലാസ് യു.പി സ്‌കൂളിന് തെക്കുവശത്ത് എൽ.ഡി.എഫ് പ്രവർത്തകർ അണിനിരന്നതിനിടയിലൂടെ യു.ഡി.എഫ് പ്രവർത്തകർ കടന്നുപോയി. ഇരുകൂട്ടരെയും മാറ്റുന്നതിനിടയിലാണ് ടി.എൻ.പ്രതാപൻ വലപ്പാട് സി.ഐയുമായി തർക്കത്തിലായത്. പൊലീസിന്റെ ഇടപെടലിൽ പിന്നീട് പ്രവർത്തകരെ ഇരുവശത്തേക്കുമായി മാറ്റി. മൂന്ന് മുന്നണികളുടെയും പ്രവർത്തകർ ഒൻപതാം വാർഡിനെ ഇളക്കിമറിച്ചായിരുന്നു കൊട്ടിക്കലാശം സമാപിച്ചത്. ബാൻഡ് മേളവും ബാൻഡും അരങ്ങ് കൊഴുപ്പിച്ചു.

ഇരുചക്ര വാഹനറാലിയും പ്രകടനവും നടന്നു. സ്ത്രീകളുൾപ്പെടെയുള്ള മുന്നണി പ്രവർത്തകർ ആടിത്തിമിർത്തു. ചൊവ്വാഴ്ചയാണ് തിരഞ്ഞെടുപ്പ്. ബുധനാഴ്ച വോട്ടെണ്ണൽ നടക്കും. അതേസമയം പൊലീസിനെതിരെ ബി.ജെ.പി ആരോപണവുമായി രംഗത്തെത്തി. സർവകക്ഷി യോഗ തീരുമാനം കാറ്റിൽ പറത്തി യു.ഡി.എഫ്, എൽ.ഡി.എഫ് മുന്നണികൾക്ക് നിരോധിച്ച നാസിക്‌ഡോൾ ഉപയോഗിക്കുന്നതിന് അവസരമുണ്ടാക്കിയതായി ബി.ജെ.പി കുറ്റപ്പെടുത്തി. നിയമലംഘകർക്കെതിരെ കേസെടുക്കണമെന്ന് ബി.ജെ.പി നാട്ടിക മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ.പി.ഹരിഷ്മാസ്റ്റർ, എ.കെ.ചന്ദ്രശേഖരൻ, ലാൽ ഊണുങ്ങൽ എന്നിവർ സംസാരിച്ചു.