 
തൃശൂർ: ന്യൂനമർദ്ദവും അതിതീവ്രമഴയും കോൾകർഷകർക്ക് ഇരുട്ടടിയായതോടെ ഈയാണ്ടിൽ വിളവ് കുറയുമെന്ന ആശങ്കയിൽ കർഷകർ. കൊയ്ത്ത് ഏകദേശം മാർച്ചിൽ പൂർത്തിയാകാറുണ്ടെങ്കിലും കൊയ്ത്ത് ഇത്തവണ ഏപ്രിൽ മാസം കടക്കും. എന്നാൽ ഏപ്രിൽ വേനൽച്ചൂട് ശക്തമാകുന്നതോടെ ഉത്പാദനത്തിൽ വലിയ ഇടിവുണ്ടാകുമെന്നതാണ് പ്രധാന പ്രതിസന്ധി. ഈയാണ്ടിലെ കൃഷിപ്പണി ആരംഭിച്ച സമയത്താണ് അപ്രതീക്ഷിതമായ മഴ കർഷകർക്ക് ഇടിത്തീയായത്. പുല്ലിന്റെ ആധിക്യം മൂലം പല പടവുകളും നടീലാണ് ചെയ്തത്. വിത്ത്, വളം, ഇത്തിൾ എന്നിവയ്ക്ക് വേണ്ടി നെട്ടോട്ടമോടുന്നതിനിടെ പല പ്രതിസന്ധികളേയും മറികടന്നാണ് പടവുകളിൽ നടീൽ നടന്നത്. മഴയിൽ നെൽച്ചെടികൾ പൂർണമായും മുങ്ങിയ നിലയിലായിരുന്നു. ഞാറ്റടികൾ ചീഞ്ഞു. മോട്ടോറുകൾ നിരന്തരം പ്രവർത്തിച്ചിട്ടും പടവുകളിലെ വെള്ളം ഇറങ്ങിപോയിരുന്നില്ല. പുറം കനാലിൽ വെള്ളം വളരെ കൂടി നിൽക്കുന്ന സാഹചര്യമായതിനാലാണ് വെള്ളം കുറയാതിരുന്നത്.
വിത്തും ഇത്തിളും കിട്ടാനില്ല
നെൽച്ചെടികൾ വേരുറച്ചാൽ തന്നെ വളം, ഇത്തിൾ, മറ്റും കൂടുതൽ ഇട്ട് കരുത്താക്കേണ്ടിവരും. വിത്തും ഇത്തിളും കിട്ടാത്ത സാഹചര്യമാണെന്ന് കർഷകർ പറയുന്നു. യൂറിയയും കിട്ടാനില്ല. കൃഷി ഇനിയും വൈകിയാൽ കഴിഞ്ഞവർഷത്തെ ദുരനുഭവം ഉണ്ടാകും. ചൂട് കൂടുന്ന സാഹചര്യത്തിൽ ഒരു മണി നെല്ലും കൊയ്‌തെടുക്കാൻ പറ്റാത്ത സാഹചര്യമാകുമെന്നും ആശങ്കയുണ്ട്.
നഷ്ടപരിഹാരമില്ല, വിലയുമില്ല
കഴിഞ്ഞവർഷം കൃഷിനാശം സംഭവിച്ചെങ്കിലും നഷ്ടപരിഹാരം ഇതുവരെ കിട്ടിയില്ല. ഈയാണ്ടിലും നഷ്ടപരിഹാരം കിട്ടുമെന്ന് കർഷകർക്ക് പ്രതീക്ഷയില്ല. വിത്തെങ്കിലും കിട്ടിയാൽ ആശ്വാസമാകുമെന്ന് കർഷകർ പറയുന്നു. കഷ്ടപ്പെട്ട് കൃഷിയിറക്കിയാലും നെല്ലിന്റെ വിലയിൽ യാതൊരു വർദ്ധനവും വരുത്തിയിട്ടില്ല. എത്രയുംവേഗം കൃഷി പൂർത്തീകരിച്ചാൽ മാത്രമാണ് കർഷകന് മിച്ചം ലഭിക്കുകയുള്ളൂ.
മുങ്ങിയത്: 350 ഏക്കർ
വെളളത്തിലായ പടവുകൾ: പുല്ലഴി, മാരാർ, എൽത്തുരുത്ത്, ചേറ്റുപുഴ, അടാട്ട്, ചൂരക്കോട്ടുകര, ഒമ്പതു മുറി
കൃഷി,റവന്യൂ മന്ത്രിമാർക്കും എം.പിക്കും എം.എൽ.എയ്ക്കും ഉദ്യോഗസ്ഥർക്കും നിവേദനം നൽകിയിട്ടുണ്ട്. നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.
കൊളങ്ങാട്ട് ഗോപിനാഥൻ, പ്രസിഡന്റ് ജില്ലാ കോൾ കർഷക സംഘം.