
തൃശൂർ: വഴിയോരങ്ങളിൽ കിടന്നുറങ്ങി ഭിക്ഷാടനവും കുറ്റകൃത്യങ്ങളും നടത്തുന്ന നാടോടിസംഘങ്ങൾ, ഭിക്ഷാടകർ, മാനസികാസ്വസ്ഥ്യമുളളവർ എന്നിവരെ മാറ്റിപ്പാർപ്പിക്കാനുളള ഒരുക്കങ്ങളുമായി പൊലീസ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ കീഴിലുളള സ്ഥാപനങ്ങളിൽ ഇവരെ പാർപ്പിക്കാനുളള നടപടികളുണ്ടാകും. മാനസിക അസ്വസ്ഥ്യമുളളവരെ മെന്റൽ ഹെൽത്ത് കെയർ സെന്ററുകളിൽ ആദ്യമേ മാറ്റും. രാത്രി അലഞ്ഞുതിരിഞ്ഞു നടക്കുന്നവരേയും നിരീക്ഷിക്കും. നാട്ടികയിൽ നാടോടിസംഘത്തിലെ അഞ്ചുപേർ ലോറി ഇടിച്ച് മരിച്ച സംഭവത്തിനുശേഷം പുനരധിവാസനടപടികൾ തുടങ്ങുമെന്ന് അറിയിച്ചെങ്കിലും ഒന്നും നടപ്പായില്ല. റെയിൽവേ സ്റ്റേഷനിലും കെ.എസ്.ആർ.ടി.സി, ശക്തൻ, വടക്കേ ബസ് സ്റ്റാൻഡുകളിലുമാണ് ഭിക്ഷാടനസംഘങ്ങൾ ഏറെയുമുളളത്. തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് മുൻപ് ഭിക്ഷാടന മാഫിയകൾ സജീവമായിരുന്നു. കമ്മിഷൻ അടിസ്ഥാനത്തിൽ ഭിക്ഷക്കാരെ വാടകയ്ക്ക് നൽകിയിരുന്നതായും പരാതികളുണ്ടായിരുന്നു.
അന്തർസംസ്ഥാന ഭിക്ഷാടന മാഫിയ?
സൗമ്യാകേസിൽ വിധിവന്നതിന് പിന്നാലെ കേരളത്തിലെ അന്തർസംസ്ഥാന ഭിക്ഷാടന മാഫിയ ചർച്ചയായിരുന്നു. റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലെ ആളൊഴിഞ്ഞയിടങ്ങളും താൽക്കാലിക ഷെഡുകളിലുമായി നിരവധി ഭിക്ഷാടകർ ഇപ്പോഴുമുണ്ട്. രാത്രികാലങ്ങളിലും ഇവർ ഭിക്ഷാടനത്തിനിറങ്ങുന്നുണ്ട്. അന്തർസംസ്ഥാന ഭിക്ഷാടന മാഫിയ തൃശൂരിലും സജീവമാകുകയാണെന്നാണ് യാത്രക്കാരുടെ പരാതി. മതവിശ്വാസികളുടെ വേഷവും ആടയാഭരണങ്ങളും ധരിച്ചും നടക്കുന്നവരുണ്ട്. ആരാധനാലയങ്ങളുടെ പരിസരങ്ങളിലാണ് ഇത്തരം ഭിക്ഷാടകർ കൂടുതലുളളത്. ബസുകളിൽ കയറിയിറങ്ങി ഭിക്ഷയെടുക്കുന്നവരുമേറെയുണ്ട്. രാത്രിയിൽ ട്രാൻസ്‌ജെൻഡർമാർ ശല്യപ്പെടുത്തുന്നതായും പരാതികളുമുണ്ട്.
ബോധവൽക്കരണം പോരാ
ജില്ലയിൽ ഭിക്ഷാടനം നിരോധിക്കാൻ മുൻവർഷങ്ങളിൽ മുന്നൊരുക്കം തുടങ്ങിയിരുന്നതാണ്. വീട്ടിൽ വരുന്ന ഭിക്ഷാടനക്കാർക്കും വീട്ടിൽ കയറിയിറങ്ങി കച്ചവടം നടത്തുന്ന പരിചയമില്ലാത്ത വരെയും വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്താക്കാനായിരുന്നു ശ്രമം. ഇതിനായി പൊലീസ് സഹകരണത്തോടെ സന്നദ്ധ സംഘടനകളും നവമാദ്ധ്യമ കൂട്ടായ്മകളുമുണ്ടായിരുന്നു. അവബോധം ഉണ്ടാക്കുന്നതിന് വാട്‌സാപ് വഴിയും ഫേസ്ബുക്ക്, മെസഞ്ചർ, ഇൻസ്റ്റഗ്രാം എന്നിവയിലൂടെയും സന്ദേശങ്ങൾ കൈമാറിയിരുന്നു. നഗരഗ്രാമ കേന്ദ്രങ്ങളിൽ ബോധവൽക്കരണബോർഡുകളും സ്ഥാപിച്ചിരുന്നു. പിന്നീട് ഒന്നും നടന്നില്ല.
പൊലീസുണ്ടായിട്ടെന്താ?
പൊലീസും സെക്യൂരിറ്റിജീവനക്കാരും ഉണ്ടെങ്കിലും കണ്ടില്ലെന്ന് നടിക്കും.
ഭിക്ഷാടകരിൽ മയക്കുമരുന്ന് ഉപയോഗവും പരസ്പരമുളള അക്രമവും കൂടുന്നു
പട്രോളിംഗ് സജീവമല്ലാത്തതിനാൽ അതിക്രമങ്ങളേറെയും രാത്രികാലങ്ങളിൽ
നാടോടിഭിക്ഷാടകസംഘങ്ങളിൽ ഏറെയും സ്ത്രീകളും കുട്ടികളും
നാടോടിഭിക്ഷാടകസംഘങ്ങളെ പുനരധിവസിപ്പിക്കാനുളള ശ്രമങ്ങൾ ഉടനെ നടത്തും. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ നടപടി കർശനമാക്കും.
ആർ.ഇളങ്കോ, കമ്മിഷണർ, സിറ്റി പൊലീസ്, തൃശൂർ