
പാവറട്ടി: ഏനാമാവ് നെഹ്‌റു പാർക്കിൽ സഞ്ചാരികൾക്കായി വാട്ടർ സ്‌പോർട്‌സ് വരുന്നു. ബോട്ടിംഗ്, സ്പീഡ് ബോട്ടിംഗ്, കയാക്കിംഗ്, പെഡൽ ബോട്ടിംഗ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുന്നത്. സഞ്ചാരികൾക്ക് കുടുംബസമേതം സുരക്ഷിതമായി വാട്ടർ സ്‌പോർട്‌സ് ഇനി ആസ്വദിക്കാം. ഇതിന്റെ ഭാഗമായി ഏനാമാവിൽ മുരളി പെരുന്നെല്ലി എം.എൽ.എ, കളക്ടർ അർജുൻ പാണ്ഡ്യൻ, ഡി.ടി.പി.സി സെക്രട്ടറി സി.വിജയ് രാജ്, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, വൈസ് പ്രസിഡന്റ് മുംതാസ് റസാഖ് എന്നിവർ ട്രയൽ റൺ നടത്തി.
ജനുവരിയോടെ വാട്ടർ സ്‌പോർട്‌സ് ആരംഭിക്കുമെന്ന് ചെയർമാൻ കളക്ടർ അറിയിച്ചു. പ്രവർത്തന സമയം രാവിലെ പത്ത് മുതൽ വൈകിട്ട് എട്ടര വരെ ആക്കിയിട്ടുണ്ട്. നിലവിൽ 11 മണി മുതൽ ഏഴ് വരെയായിരുന്നു സമയം. ലഘുഭക്ഷണം ഉൾപ്പെടെ കൂടുതൽ സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി പാർക്കിലെ കഫ്തീരിയ പ്രവർത്തന സജ്ജമാക്കും. നെഹ്‌റു പാർക്ക് രാവിലെ ആറ് മുതൽ ഒമ്പത് വരെ വ്യായാമത്തിന് സൗജന്യമായി തുറന്നു കൊടുക്കുന്നുണ്ട്. സഞ്ചാരികൾ കനാലിൽ ചെലവഴിക്കുന്ന സമയ ദൈർഘ്യം അനുസരിച്ചാകും ടിക്കറ്റ് നിരക്ക്. കൂടുതൽ ആളുകളെ ആകർഷിക്കാനും പാർക്കിലെ വരുമാനം വർദ്ധിപ്പിക്കുവാനും ഇതോടെ കഴിയും.
ടൂറിസത്തിന്റെ പുതിയമുഖം
സോളാർ സഫാരി ബോട്ടിലൂടെ ശാന്തമായ യാത്ര ആസ്വദിക്കാം.
കയാക്കിംഗ് വഴി സാഹസികതയിൽ പങ്കുചേരാം
പെഡൽ ബോട്ടിൽ സഞ്ചരിച്ച് പ്രകൃതി സൗന്ദര്യം ആസ്വദിക്കാം.
സ്പീഡ് ബോട്ടിൽ വേഗത്തിന്റെയും ആവേശത്തിന്റെയും അനുഭവം സ്വന്തമാക്കാം
ഏനാമാവിനെ ചേറ്റുവയുമായി ബന്ധിപ്പിച്ച് മികച്ച ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്. ജനുവരി ആദ്യവാരത്തിൽ പദ്ധതി തുടങ്ങും.
അർജുൻ പാണ്ഡ്യൻ
കളക്ടർ (ഡി.ടി.പി.സി ചെയർമാൻ).