photo
1

തൃശൂർ: പുത്തൂരിലെ അന്താരാഷ്ട്ര സുവോളജിക്കൽ പാർക്ക് ജൂണിൽ പൂർണമായും പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് മന്ത്രിമാരായ കെ.രാജനും എ.കെ ശശീന്ദ്രനും വ്യക്തമാക്കിയെങ്കിലും വിദേശരാജ്യങ്ങളിൽ നിന്ന് മൃഗങ്ങളെ എത്തിക്കുന്നത് വൈകും. നടപടികൾ പൂർത്തിയാക്കുന്നതിൽ നേരിടുന്ന കാലതാമസമാണ് കാരണം. രാജ്യത്തിനകത്തും പുറത്തുനിന്നുമായുള്ള മൃഗങ്ങളെ എത്തിക്കുന്ന നടപടികൾ ആഗസ്റ്റിൽ പൂർത്തിയാക്കും. മറ്റു മൃഗശാലകളിൽനിന്നും തിരുവനന്തപുരം, നെയ്യാർ എന്നിവിടങ്ങളിൽനിന്നുമുള്ള പക്ഷിമൃഗാദികളെ പുത്തൂരിലേക്ക് കൊണ്ടുവരുന്നത് മേയ് മാസത്തിൽ പൂർത്തിയാക്കും. ആറ് ഘട്ടങ്ങളിലായുള്ള നിർമ്മാണത്തിന്റെ ഒന്നാം ഘട്ടത്തിലെ നാല് ആവാസയിടങ്ങളും പൂർണസജ്ജമായി. ഗ്രേറ്റ് ഏവിയറി, സിംഹവാലൻകുരങ്ങ്, കരിങ്കുരങ്ങ്, കാട്ടുപോത്ത് എന്നിവയ്ക്കുള്ള ആവാസയിടങ്ങളുടെയാണ് നിർമ്മാണം പൂർത്തിയായത്. രണ്ടാംഘട്ടത്തിൽ നിർമ്മിക്കുന്ന ബയോഡൈവേഴ്‌സിറ്റി സെന്റർ, ചീങ്കണ്ണി, കലമാൻ, പുള്ളിമാൻ, പന്നിമാനും കൃഷ്ണമൃഗവും പുലി, കടുവ, സിംഹം എന്നിവയ്ക്കുള്ള ആവാസവ്യവസ്ഥകളുടെ പണികളും പൂർത്തിയായി. കാട്ടുപോത്ത് അടക്കമുളള മൃഗങ്ങളെ തിരുവനന്തപുരം മൃഗശാലയിൽ നിന്നെത്തിക്കും.


പണി അതിവേഗം

ആറ് ഘട്ടങ്ങളിലായാണ് നിർമ്മാണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിരിക്കുന്നത്. ഓരോ ആഴ്ചയും നടക്കേണ്ട നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് പ്രത്യേകം ഷെഡ്യൂൾ തയ്യാറാക്കാനും മാസത്തിൽ ഒരു തവണ റവന്യൂ മന്ത്രി കെ.രാജന്റെ സാന്നിദ്ധ്യത്തിൽ അവലോകന യോഗം നടത്താനും നിർദ്ദേശിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ വ്യക്തമാക്കിയിരുന്നു. ബയോഡിവേഴ്‌സിറ്റി സെന്ററിലെ ഹാബിറ്റാറ്റിന്റെ നിർമ്മാണ ജോലികൾ മാർച്ച് മാസത്തോടെ പൂർത്തിയാകും.


പൂർത്തിയായത്

പാർക്കിംഗ് ഗ്രൗണ്ട്, റിസപ്ഷൻഓറിയന്റേഷൻ കേന്ദ്രം, ആറ് ആവാസ കേന്ദ്രം, ചുറ്റുമതിൽ, നാല് കിലോമീറ്റർ ദൂരത്തിലുള്ള സർവീസ് റോഡ്, ആറ് കിലോ മീറ്റർ സന്ദർശക പാത, 290 കെ.ബി.പി സോളാർ പ്ലാന്റ്.

ബോമരീതി തുടരും


വിദഗ്ധ സംഘത്തിന്റെ സഹായത്തോടെ വിദേശങ്ങളിലേതുപോലെ 'ബോമ' രീതിയിലൂടെയാണ് 38 മാനുകളെ തൃശൂരിൽ നിന്ന് പുത്തൂരിലേക്ക് എത്തിച്ചത്. തൃശൂർ മൃഗശാലയിലുള്ള 191 മാനുകളിൽ 60 എണ്ണത്തിനെ പുത്തൂർ സൂവിൽ പാർപ്പിച്ചശേഷം ബാക്കിയുള്ളവയെ റിസർവ് വനത്തിൽ തുറന്നുവിടാനായിരുന്നു ആലോചന. എന്നാൽ, ഈ മാനുകൾ വനത്തിൽ ജീവിക്കാൻ പ്രാപ്തരല്ലാത്ത സാഹചര്യത്തിൽ മാൻ സഫാരി പാർക്ക് കൂടി പുത്തൂരിൽ സ്ഥാപിക്കും.


പാർക്കിന്റെ സുഗമമായ നടത്തിപ്പിനും പണികൾ സമയബന്ധിതമായി നടപ്പാക്കാനും മുഴുവൻ സമയ ഡയറക്ടറെ ഉടനെ തന്നെ നിയോഗിക്കേണ്ടതുണ്ട്.

എം.പീതാംബരൻ, സെക്രട്ടറി, ഫ്രണ്ട്‌സ് ഒഫ് സൂ.