
മുണ്ടൂർ: മുണ്ടൂർ പമ്പ് - മെഡിക്കൽ കോളേജ് റോഡിലെ ഗർത്തങ്ങൾ യാത്രക്കാർക്ക് ദുരിതമാകുന്നു. തൃശൂർ - കുറ്റിപ്പുറം സംസ്ഥാനപാതയും മെഡിക്കൽ കോളേജ് റോഡും സംഗമിക്കുന്ന പമ്പ് പ്രദേശത്ത് ഇരു റോഡുകളും തമ്മിൽ ഒന്നര അടിയുടെ താഴ്ചയുടെ വ്യത്യാസമുണ്ട്. കൂടാതെ ദീപ്തി നഗറിലും പഞ്ഞംമൂല ജംഗ്ഷനിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. ഈ മൂന്നു പ്രദേശങ്ങളിലെയും റോഡിന്റെ ശോചനീയാവസ്ഥ മൂലം യാത്രക്കാർ വളരെ ബുദ്ധിമുട്ടിലാണ്. ഇരുചക്ര വാഹനങ്ങളും മറ്റും അപകടത്തിൽപ്പെടുന്നതും പതിവാണ്. വിഷയം കെ.എസ്.ഡി.പി, പി.ഡബ്ല്യു.ഡി, അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും നടപടിയുണ്ടായില്ല.
വാർഡ് മെമ്പറുടെ നേതൃത്വത്തിൽ പ്രദേശവാസികൾ ചേർന്ന് താത്കാലികമായി കോൺക്രീറ്റ് ചെയ്തെങ്കിലും വീണ്ടും തകർന്ന അവസ്ഥയിലായി. മെഡിക്കൽ കോളേജ്, വേലൂർ, ഭാഗങ്ങളിലേയ്ക്കും ഷൊർണൂർ സംസ്ഥാനപാതയിലേയ്ക്കും, വേളക്കോട്, അയ്യൻകുന്ന്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റുകളിലേക്കുമുള്ള നൂറുകണക്കിന് വാഹനങ്ങൾ ദിനംപ്രതി കടന്നുപോകുന്ന ഈ റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസുകളുടെ ആവശ്യം
മുണ്ടൂർ പഞ്ഞംമൂല സെന്ററിലും ദീപ്തി നഗറിലും രൂപപ്പെട്ട കുഴികളും സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന റോഡുകളുടെ ഉയര വ്യത്യാസവും ദിനംപ്രതി അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഉചിതമായ നടപടി സ്വീകരിക്കും.
-സി.ഒ.ഔസേപ്പ്,
വാർഡ് മെമ്പർ