
ഉണ്ണായി വാര്യർ കലാനിലയത്തിൽ എട്ട് മാസമായി ശമ്പളമില്ല
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കലാമണ്ഡലം താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടതും തുടർവിവാദങ്ങളും സർക്കാർ ഗ്രാന്റുള്ള മറ്റ് സാംസ്‌കാരിക സ്ഥാപനങ്ങളെയും ആശങ്കയിലാക്കുന്നു. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തെങ്കിലും കലാമണ്ഡലത്തിലെ പ്രശ്‌നം എങ്ങനെ പരിഹരിക്കുമെന്ന് വ്യക്തമല്ല. ശമ്പളത്തിന് മാസം 90 ലക്ഷം വേണ്ടിടത്ത് കഴിഞ്ഞ മാസം 50 ലക്ഷമേ ലഭിച്ചുള്ളൂ.
സാംസ്‌കാരിക വകുപ്പിന്റെ ഇരിങ്ങാലക്കുട ഉണ്ണായിവാര്യർ കലാനിലയത്തിൽ ശമ്പളം മുടങ്ങിയിട്ട് എട്ടുമാസമായി. കഥകളിയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് പഠിപ്പിക്കുന്നത്. 50 ലക്ഷമാണ് വാർഷിക ഗ്രാന്റ്. നാല് ഗഡുക്കളായി 40 ലക്ഷമേ കിട്ടിയുള്ളൂ. ശമ്പളത്തിന് മാത്രം മാസം അഞ്ച് ലക്ഷം വേണം. മറ്റ് ചെലവുകൾ പുറമേ. രണ്ട് ശമ്പള പരിഷ്‌കരണ ശുപാർശകൾ നടപ്പാക്കിയിട്ടില്ല. ഗ്രാന്റ് കൃത്യമായി കിട്ടാത്തതിനെ തുടർന്ന് സാഹിത്യ അക്കാഡമി അവാർഡുകളുടെ സമ്മാനത്തുക നൽകാനും വൈകി. ഒക്ടോബർ 14ന് വിതരണം ചെയ്ത അവാർഡുകളുടെ തുക ഒരാഴ്ചയ്ക്കുള്ളിൽ നൽകുമെന്നാണ് പറഞ്ഞതെങ്കിലും ഒക്ടോബർ അവസാനമാണ് നൽകിയത്. 3.2 കോടി പ്ലാൻ ഫണ്ട് ഗഡുക്കളായാണ് കിട്ടാറുള്ളത്. അതിലും കൃത്യതയില്ല. 64 ലക്ഷമേ കിട്ടിയിട്ടുള്ളൂ. 1.27 കോടി പദ്ധതിയേതര ഫണ്ടിൽ 70 ലക്ഷമേ കിട്ടിയിട്ടുള്ളൂ. ബാക്കി നൽകാൻ സർക്കാർ ഉത്തരവായെങ്കിലും കിട്ടാൻ വൈകുമെന്നാണ് വിവരം.
നാടകോത്സവം: നീട്ടിവച്ചു
സംഗീത നാടക അക്കാഡമിയിൽ രാജ്യാന്തര നാടകോത്സവത്തിന് (ഇറ്റ്‌ഫോക്ക്) വർഷങ്ങളായി സർക്കാർ അനുവദിക്കാറുള്ള തുക ഇത്തവണ കിട്ടിയിട്ടില്ല. മൂന്ന് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഫെബ്രുവരിയിൽ നടത്തേണ്ട നാടകോത്സവം നീട്ടിവയ്ക്കാൻ അക്കാഡമി നിർവാഹക സമിതിയോഗം തീരുമാനിച്ചു. ഇക്കൊല്ലം ഏഴര കോടി പ്ലാൻ ഫണ്ട് വകയിരുത്തിയത് പകുതിയായി വെട്ടിക്കുറച്ചു. രണ്ട് കോടിയെങ്കിലും വേണ്ടിടത്ത് 1.09 കോടിയേ വാർഷിക ഗ്രാന്റ് അനുവദിക്കൂ. മതിയായ തുക കിട്ടിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്, സ്റ്റൈപ്പന്റ്, കലാകാരന്മാരുടെ പെൻഷൻ ഉൾപ്പെടെ മുടങ്ങാനിടയുണ്ട്.
സർക്കാരിൽ പരമാവധി സമ്മർദ്ദം ചെലുത്തിയും കിട്ടാവുന്നത്ര ഫണ്ട് സമാഹരിച്ചും അന്താരാഷ്ട്ര നാടകോത്സവം ഡിസംബറിന് മുമ്പ് നടത്തും.
കരിവെള്ളൂർ മുരളി
സെക്രട്ടറി, സംഗീതനാടക അക്കാഡമി.