ചാലക്കുടി: ഒരു കാലത്ത് വിസ്മയം തീർത്ത ബ്രിട്ടീഷുകാരൻ കോലാഫും സായിപ്പിന്റെ ജലസേചന പദ്ധതിക്ക് ഒരു നൂറ്റാണ്ട് തികയുമ്പോൾ പദ്ധതി പുനരുദ്ധരിക്കാൻ പരിയാരം പഞ്ചായത്തിലെ കൊന്നക്കുഴി നിവാസികൾ. ചാലക്കുടിപ്പുഴയിലെ കൊന്നക്കുഴിയിൽ എച്ചിപ്പാറയിൽ പുഴയ്ക്ക് കുറുകെ തടകെട്ടി സ്വന്തമായി നിർമ്മിച്ച തോട്ടിലൂടെ കൃഷിക്ക് വെള്ളം എത്തിച്ചായിരുന്നു കോലാഫും സായിപ്പിന്റെ പദ്ധതി.
മറുകരയിലെ ഏഴാറ്റുമുഖത്തുനിന്ന് പുഴയ്ക്ക് കുറുകെ സുർക്കിയും പാറക്കല്ലും കെട്ടിപ്പൊക്കി എച്ചിപ്പാറ വരെ തടയണ നിർമ്മിച്ചു. ഇതിലൂടെ പുഴയോരത്തുനിന്ന് പാറ ഇടുക്കിലൂടെ പുറത്തെത്തുന്ന വെള്ളം നാലര കിലോമീറ്റർ ദൂരത്തിൽ നിർമ്മിച്ച തോട്ടിലൂടെ സുഗമമായി കൃഷിയിടത്തിൽ എത്തും. പ്രദേശത്തെ 500 ഓളം ഏക്കർ സ്ഥലത്ത് ചാലക്കുടിപ്പുഴയിൽ നിന്നുമുള്ള വെള്ളമാണ് ഉപയോഗിച്ചിരുന്നത്. പുഴയിലെ ജലവിതാനം കൂടി തോട്ടിൽ പെട്ടെന്ന് ഉയരുന്ന വെള്ളം വീണ്ടും പുഴയിലേക്ക് തിരിച്ചു വിടുന്നതിന് ഇടയ്ക്കിടെ ഷട്ടറുകളും ഘടിപ്പിച്ചിരുന്നു. സ്വാതന്ത്രത്തിനുശേഷം സായിപ്പ് തന്റെ ഭൂമിയെല്ലാം സ്വന്തക്കാർക്ക് ഇഷ്ടദാനവും നാട്ടുകാർക്ക് തീറുമായി നൽകി. കാലത്തിന്റെ കുത്തൊഴുക്കിൽ പുഴയിലെ തടയണ ശേഷിപ്പായി. 1980 കാലഘട്ടത്തിൽ പുഴയിൽ നിന്നും തോട്ടിലേക്ക് വെള്ളം എത്തുന്ന പ്രക്രിയ നിലച്ചു. സായിപ്പിന്റെ മാതൃക പിന്തുടർന്നായിരുന്നു തിരുകൊച്ചി മുഖ്യമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ 1956 ൽ ചാലക്കുടി പുഴയിലെ തുമ്പൂർമുഴിയിൽ ഇടതു വലതു കരകളിൽ ബൃഹത്തായ ഇറിഗേഷൻ ഡൈവേർഷൻ പദ്ധതി ആരംഭിച്ചത്. ഇതിലെ വലതുകര കനാലിൽ നിന്നും ഷട്ടർ മുഖേന സായിപ്പിന്റെ തോട്ടിലേക്ക് വെള്ളം വിട്ടാണ് ഇപ്പോൾ പകുതിയോളം പ്രദേശത്ത് കൃഷിക്ക് ഉപയോഗിക്കുന്നത്.


കർഷകരുടെ ശ്രമദാനം

സായിപ്പ് തോട് സംരക്ഷിക്കാൻ കർഷകരുടെ ശ്രമദാനം ഇന്ന്. പുഴയിൽ നിന്നും നേരിട്ട് കനാൽ അവസാനിക്കുന്ന കൊന്നക്കുഴി പള്ളി വരെ വെള്ളം എത്തുന്നതിന് പദ്ധതി തയ്യാറാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതിനായി വീണ്ടും പ്രദേശത്തെ കർഷക കൂട്ടായ്മ സജീവമായി രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. പഞ്ചായത്ത്,റവന്യൂ , ജലസേചന വകുപ്പുകളിൽ ഇതിനായി ഇവർ സമ്മർദ്ദം ചെലുത്തുകയാണ്. നിലവിലെ തോട് സംരക്ഷിക്കുന്നതിന് ഇന്ന് 40 ഓളം കർഷകർ ശ്രമദാനവും നടത്തും

. ബ്രിട്ടീഷുകാരൻ സായിപ്പ് നമുക്ക് സമ്മാനിച്ച ഒരു പദ്ധതി നിലനിറുത്താൻ എല്ലാ ശ്രമവും നടത്തും.
കർഷകൻ പന്തല്ലൂക്കാരൻ ജോൺസൺ.


ഇടക്കാലത്ത് വച്ച് ആവേശം തണുത്തുപോയ കൊന്ന കുഴിയിലെ കർഷകരെ കൂട്ടിയിണക്കി നൂറുകണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ളവും കാർഷിക വിളകൾക്ക് അനുഗ്രഹവുമാകുന്ന സായിപ്പിന്റെ തോട് പദ്ധതി സർക്കാർ ഏറ്റെടുക്കുന്നതിന് എല്ലാ ശ്രമങ്ങളും നടത്തും

- മലയോര കർഷക സമിതി ഭാരവാഹി ജോബിൾ വടശ്ശേരി.