bus
1

ഇരിങ്ങാലക്കുട : തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലെ ഒരു വിഭാഗം സ്വകാര്യ ബസുകൾ ഇനിമുതൽ പെർമിറ്റ് സമയത്തിന് ഓടും. തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിൽ 40 കിലോമീറ്ററോളം ദൂരം സർവീസ് നടത്തുന്നതിന് സ്വകാര്യ ബസുകൾക്കും ഓർഡിനറി ബസുകൾക്കും 78 സ്റ്റോപ്പുകൾ അടക്കം 90 മിനിറ്റും ലിമിറ്റഡ് സ്‌റ്റോപ്പ് ബസുകൾക്ക് 33 സ്റ്റോപ്പുകൾക്ക് 76 മിനിറ്റും പെർമിറ്റിൽ സമയം അനുവദിച്ചിട്ടുണ്ട്. റൂട്ടിലെ അപകടങ്ങളുടെ പശ്ചാത്തലത്തിൽ പെർമിറ്റിലുള്ള യഥാർത്ഥ സമയമായ കുടുതൽ സമയമെടുത്ത് സർവീസ് നടത്തിയാൽ അപകടങ്ങൾക്ക് കുറവ് വരുത്താൻ സാധിക്കുമെന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ വാർത്താസമ്മേളനം നടത്തി ഒരു വിഭാഗം ബസ് ഉടമകൾ അറിയിച്ചു. നാളെ മുതൽ ഇത്തരത്തിൽ സർവീസ് നടത്തുമെന്നും അതിനാവശ്യമായ സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ട് 35 പേരോളം ഒപ്പിട്ട നിവേദനം കളക്ടർക്കും ആർ.ഡി.ഒയ്ക്കും നൽകിയിട്ടുണ്ടെന്നും അവർ അറിയിച്ചു. 110 ഓളം ബസുകൾ സർവീസ് നടത്തുന്ന റൂട്ടിൽ 70 ഓളം ബസുകൾ ഇത്തരത്തിൽ സർവീസ് നടത്താൻ തയ്യാറായിട്ടുണ്ടെന്നും ബസ് ഉടമകൾ പറഞ്ഞു.

അസോസിയേഷൻ തീരുമാനപ്രകാരം 85 മിനിറ്റിനും 70 മിനിറ്റിനുമായാണ് ഇപ്പോൾ ബസുകൾ സർവീസ് നടത്തുന്നത്. റൂട്ടിൽ അപകടങ്ങൾ തുടർക്കഥയായതിന്റെ അടിസ്ഥാനത്തിൽ മന്ത്രിയുടെ നേതൃത്വത്തിലും പിന്നീട് ഡിവൈ.എസ്.പിയുടെ ഓഫീസിലും യോഗങ്ങൾ വിളിച്ച് ചേർത്തപ്പോൾ ഒരു വിഭാഗം ബസുടമകൾ യഥാർത്ഥ സമയത്ത് ഓടുന്നതിന് തയ്യാറായെങ്കിലും ഒരു വിഭാഗം തയ്യാറാകാത്തത് മൂലം യോഗം തീരുമാനമാകാതെ പിരിയുകയായിരുന്നു.