തൃശൂർ: സംഗീത നാടക അക്കാഡമിയുടെ അമേച്ചർ നാടകമത്സരത്തിൽ പങ്കെടുക്കാൻ അധികൃതർ വിചിത്രമായ നിർദ്ദേശങ്ങൾ നിരത്തുന്നതായി ആക്ഷേപം. ആറ് വർഷത്തിനുശേഷം പുനരാരംഭിക്കുന്ന അമേച്ചർ നാടകമത്സരത്തിലേക്ക് തെരഞ്ഞെടുത്ത 18 നാടകസംഘങ്ങളോട് 200 രൂപയുടെ മുദ്രപ്പത്രത്തിൽ നോട്ടറി സാക്ഷ്യപ്പെടുത്തലോടെ സമ്മതപത്രം നൽകാനാണ് നിർദ്ദേശിച്ചിട്ടുള്ളത്. മുമ്പ് മത്സരം സംബന്ധിച്ചുള്ള നിബന്ധനകൾ മാത്രമാണുണ്ടായിരുന്നത്.
കരാറിലെ 12 നിർദേശങ്ങളിലൊന്ന് പ്രകാശ,ശബ്ദ സംവിധാനങ്ങൾ നേരത്തേതന്നെ പരിശോധിക്കണമെന്നതാണ്. പരാതിയുണ്ടെങ്കിൽ രണ്ടുമണിക്കൂർ മുമ്പ് രേഖാമൂലം അറിയിക്കണം. മുൻ വർഷങ്ങളിൽ അവതരണത്തിനിടയിലെ സാങ്കേതികപ്രശ്‌നങ്ങൾ തർക്കത്തിനിടയാക്കിയിരുന്നുവെന്നും അത്തരം പ്രശ്‌നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനാണ് നിർദ്ദേശത്തിലൂടെ അക്കാഡമി ശ്രമിക്കുന്നതെന്നും 'നാടകി'ന്റെ ജനറൽ സെക്രട്ടറി ജെ. ശൈലജ പറഞ്ഞു.
സ്വയം പണംമുടക്കി നാടകമൊരുക്കുന്ന സമിതികൾക്ക് അവതരണത്തിനുള്ള സൗകര്യമൊരുക്കിയിരുന്നത് അക്കാഡമിയാണ്. പുതിയ കരാർപ്രകാരം വേദിക്ക് പുറത്ത് നാടകം അവതരിപ്പിക്കാനുള്ള സാഹചര്യം സമിതികൾ സ്വയമൊരുക്കണം. ഏതെങ്കിലും കാരണത്താൽ നാടകം അവതരിപ്പിക്കാനായില്ലെങ്കിൽ സംഘങ്ങൾ അക്കാഡമിക്ക് നഷ്ടപരിഹാരം നൽകുകയും വേണം. നഷ്ടം സമിതിയിൽനിന്നോ കരാറിൽ ഒപ്പുവച്ച കക്ഷിയുടെ സ്വത്തുവകകളിൽ നിന്നോ കണ്ടുകെട്ടുമെന്നാണ് പറയുന്നത്.
അതേസമയം അക്കാഡമിയുടെ പ്രശ്‌നങ്ങൾമൂലം നാടകം മാറ്റിവയ്‌ക്കേണ്ടിവന്നാൽ നഷ്ടം ആരു വഹിക്കുമെന്ന് കരാറിലില്ലെന്ന് നാടകപ്രവർത്തകനായ കെ.വി.ഗണേഷ് പറയുന്നു.
പുതിയതല്ല കരാർ...
അതേസമയം മുദ്രപ്പത്രത്തിൽ കരാർ ഒപ്പിടുവിക്കുന്നത് പുതിയ നടപടിയല്ലെന്ന് സംഗീത നാടക അക്കാഡമി സെക്രട്ടറി കരിവള്ളൂർ മുരളി പ്രതികരിച്ചു. '67 നാടകങ്ങളിൽനിന്നാണ് 18 സംഘങ്ങളെ തെരഞ്ഞെടുത്തത്. ഒട്ടേറെ പ്രതിസന്ധികളുണ്ടാകാം. അതുകൊണ്ട് ഇടയ്ക്കുവെച്ച് ഉപേക്ഷിച്ച് പോകാതിരിക്കാനാണ് കരാർ. സർക്കാർ നടത്തുന്ന മത്സരമായതുകൊണ്ട് ഓഡിറ്റിംഗുമുണ്ടാകും. അതിനും കരാർ ആവശ്യമാണ്.
അക്കാഡമിയുടെ അൗലച്ചർ നാടകമത്സരത്തിലൂടെ വളർന്നുവന്നവരാണ് ഞാനുൾപ്പെടെയുള്ള പലരും. ആ നാടകചരിത്രത്തെത്തന്നെ റദ്ദുചെയ്യുന്ന നടപടിയാണിത്.
-പ്രിയനന്ദനൻ, സംവിധായകൻ