തൃശൂർ : പാലക്കാട് ഉപതിരഞ്ഞെടുപ്പ് തോൽവിയിൽ ബി.ജെ.പിക്കുള്ളിൽ രൂക്ഷമായ പ്രതിസന്ധി നിലനിൽക്കേ സംഘടനാ സംവിധാനം ശക്തമാക്കാൻ തീവ്രനീക്കവുമായി നേതൃത്വം. വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ പരമാവധി തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചെടുക്കുകയാണ് ലക്ഷ്യം. ജില്ലയിലെ പ്രവർത്തനം വിപുലപ്പെടുത്താനായി മൂന്ന് ഘടകങ്ങളായി വിഭജിച്ചേക്കും. ഇതിന്റെ പ്രാരംഭ നടപടിയാരംഭിച്ചു കഴിഞ്ഞു. സംഘടനാ സംവിധാനം കൂടുതൽ ശക്തമാക്കാൻ ആർ.എസ്.എസ് മാതൃകയിൽ ബി.ജെ.പി തൃശൂരിനെ മൂന്ന് ജില്ലകളായി വിഭജിക്കും. നിയോജക മണ്ഡലങ്ങളെ വേർതിരിച്ചാണ് പുതിയ ജില്ലകൾക്ക് രൂപം നൽകുന്നത്. ആർ.എസ്.എസിന് മൂന്ന് ഭാഗങ്ങളുണ്ടെങ്കിലും തൃശൂർ റവന്യൂ ജില്ലയെ കേന്ദ്രീകരിച്ച് ' വിഭാഗ് ' എന്ന സംഘടനാ സംവിധാനമുണ്ട്.
അതേസമയം മേഖലാ സംവിധാനം ശക്തിപ്പെടുത്താനും നീക്കമുണ്ട്. ആർ.എസ്.എസ് മാതൃകയിൽ റവന്യൂ ജില്ലാ പ്രസിഡന്റ് വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. ഒരു പൊതുപ്രശ്‌നം വന്നാൽ അതിനെ നേരിടാനും പാർട്ടിയുടെ നിലപാട് വ്യക്തമാക്കാനും അത്തരം സംവിധാനം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടുന്നു. നേരത്തെ ആർ.എസ്.എസ് സംസ്ഥാന ഘടകം രണ്ടാക്കി വിഭജിച്ചിരുന്നു. തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകൾ പുതുതായി രൂപീകരിച്ച് ദക്ഷിണകേരളത്തിന്റെയും തൃശൂർ, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂർ വിഭാഗുകൾ ഉത്തരകേരളത്തിന്റെയും ഭാഗമാക്കിയിരുന്നു. തൃശൂർ ഉത്തര പ്രാന്തത്തിലാണ് ഉൾപ്പെടുന്നത്. ജനുവരി മാസത്തോടെ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പോടെ പുതിയ സംവിധാനം നിലവിൽ വരും.
തൃശൂർ കോർപ്പറേഷൻ പിടിക്കൽ ലക്ഷ്യം
വരാൻ പോകുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ തൃശൂർ കോർപ്പറേഷൻ ഭരണം പിടിക്കാനുള്ള തീവ്രശ്രമത്തിലാണ് ബി.ജെ.പി. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കോർപ്പറേഷനിൽ ഉൾപ്പെടുന്ന ഭൂരിഭാഗം ഡിവിഷനിലും ബി.ജെ.പിക്ക് ലീഡ് നേടാനായി. അതുകൊണ്ട് വരും നാളിൽ സുരേഷ് ഗോപിയെ മുന്നിൽ നിറുത്തി പ്രവർത്തനം സജീവമാക്കാനുള്ള നീക്കമാണ് നടക്കുന്നത്. അതേസമയം തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രമന്ത്രി സുരേഷ് ഗോപി മണ്ഡലത്തിൽ കൂടുതൽ സജീവമാകാത്തത് അണികൾക്കിടയിൽ അസ്വസ്ഥത പടർത്തുന്നുന്നുണ്ട്.
ഉൾപ്പെടാൻ സാദ്ധ്യതയുള്ള നിയോജക മണ്ഡലങ്ങൾ
1 തൃശൂർ, ഒല്ലൂർ, പുതുക്കാട്, വടക്കാഞ്ചേരി, ചേലക്കര
2. ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, ചാലക്കുടി, കയ്പ്പമംഗലം
3. മണലൂർ, ഗുരുവായൂർ, നാട്ടിക, കുന്നംകുളം.