തൃശൂർ : ആനയെഴുന്നള്ളിപ്പും വെടിക്കെട്ടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തം. വിവിധ സ്ഥലങ്ങളിൽ പ്രതിഷേധക്കൂട്ടായ്മകളും പ്രതീകാത്മക പൂരങ്ങളും ഉപവാസങ്ങളും സംഘടിപ്പിച്ചു. ഉത്സവഘോഷങ്ങൾ സംരക്ഷിക്കാനും വെടിക്കെട്ട് നിയന്ത്രണം ഒഴിവാക്കാനും ആവശ്യപ്പെട്ട് പൂരപ്രേമി സംഘത്തിന്റെ നേതൃത്വത്തിൽ ഇന്നലെ ഏകദിന ഉപവാസം സംഘടിപ്പിച്ചു. ഉപവാസത്തിൽ വിവിധ സംഘടനാ പ്രതിനിധികൾ അണിചേർന്നു.

തൃശൂർ പൂരത്തിന് ഇപ്പോൾ ഒരു വിഘ്‌നം വന്നിരിക്കുകയാണെന്നും ഇതിനെതിരെ പ്രതിഷേധിക്കാൻ തൃശൂരുകാർ ഒന്നടങ്കം ഉണ്ടാകുമെന്നും ഉപവാസം ഉദ്ഘാടനം ചെയ്ത് മേയർ എം.കെ. വർഗീസ് പറഞ്ഞു. പൂര പ്രേമി സംഘം പ്രസിഡന്റ് ബൈജു താഴെക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. പി.ബാലചന്ദ്രൻ എം.എൽ.എ, ബി.ഗോപാലകൃഷ്ണൻ, വി.എസ്.സുനിൽകുമാർ, കെ.കെ.വത്സരാജ്, രാജൻ പല്ലൻ, അനിൽ അക്കര, ടി.വി.ചന്ദ്രമോഹൻ, പരയ്ക്കാട് തങ്കപ്പൻ മാരാർ, ചെറുശേരി കുട്ടൻ മാരാർ, തിരുവമ്പാടി ദേവസ്വം കമ്മിറ്റി അംഗം ശശിധരൻ, എക്‌സിബിഷൻ കമ്മിറ്റി ഭാരവാഹി രമേശ് മുക്കോന്നി, കൗൺസിലർ പ്രസാദ്, വിപിനൻ, നന്ദൻ വാകയിൽ തുടങ്ങിയവർ സംസാരിച്ചു. മേളം, തായമ്പക തുടങ്ങിയ കലകൾ ഉപവാസത്തിൽ അവതരിപ്പിച്ചു.


തൃശൂരിൽ ഉത്സവരക്ഷാസംഗമം 14 ന്

കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 14ന് തൃശൂരിൽ ഉത്സവരക്ഷാസംഗമം സംഘടിപ്പിക്കും. ഉത്സവപൂരം, പെരുന്നാൾ നേർച്ച ആഘോഷങ്ങളിലെ ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് തെക്കേഗോപുരനടയിൽ വൈകീട്ട് നാലിന് നടക്കുന്ന സംഗമം മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.കെ.ബിജു, വി.എസ്.സുനിൽകുമാർ എന്നിവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, വൈസ് പ്രസിഡന്റ് എ.എ.കുമാരൻ, എൻ.സോമൻ നെന്മാറ, ഹരിദാസ് പാടാശ്ശേരി, സി.പ്രവീൺകുമാർ എന്നിവരും പങ്കെടുത്തു.

കേരളത്തിലെ എല്ലാ ഉത്സവങ്ങളും ആചാരങ്ങളും ചടങ്ങുകളും മുടക്കം കൂടാതെ നടക്കാനുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ചർച്ച ചെയ്ത് കർശന നിയമം ഇളവ് ചെയ്യണം. പൂരം അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയിക്കുന്നു.


(കിഴക്കൂട്ട് അനിയൻ മാരാർ, മേള പ്രമാണി )


തൃശൂർ പൂരത്തിന് ഇപ്പോൾ വിഘ്‌നം വന്നിരിക്കുകയാണ്. അതിൽ പ്രതിഷേധിക്കാൻ തൃശൂരുകാർ ഒന്നടങ്കം ഉണ്ടാകും

(മേയർ എം.കെ. വർഗീസ് )