
പരിയാരം: കൊന്നക്കുഴിയിലെ സായ്പ്പ് തോടിന്റെ പുനരുദ്ധാരണം ആരംഭിച്ചു. പരിസരവാസികളായ നാൽപ്പതോളം പേർ ചേർന്നാണ് ശ്രമദാനം നടത്തുന്നത്. ചാട്ടുകല്ലുത്തറയിലെ വിരിപ്പാറ പാലം പരിസരത്ത് നിന്നാരംഭിച്ച ശുചീകരണം മുകൾ ഭാഗത്തേയ്ക്ക് രണ്ട് കിലോ മീറ്റർ ദൂരത്തിൽ നടത്താനാണ് ശ്രമം. ചാലക്കുടിപ്പുഴയിലെ വലതുകര കനാലിൽ നിന്ന് ഷട്ടർ വഴി ലഭിക്കുന്ന വെള്ളം കാർഷികാവശ്യത്തിന് വിരിപ്പാറ വരെ എത്തിക്കുകയാണ് ലക്ഷ്യം. ഒരു നൂറ്റാണ്ട് മുമ്പ്
ബ്രിട്ടീഷുകാരൻ കോലാഫും സായ്പ്പ് ചാലക്കുടിപ്പുഴയിൽ നിന്ന് തന്റെ മുഴുവൻ കൃഷിയിടത്തിലും വെള്ളം എത്തിക്കുന്നതിനാണ് നാലര കിലോ മീറ്റർ ദൂരത്തിൽ തോട് നിർമ്മിച്ചത്.
പൊതു പ്രവർത്തകൻ ജോബിൾ വടാശേരിയാണ് ഏറെ ശ്രമകരമായ ദൗത്യത്തിന് നാട്ടുകാർക്ക് ഒപ്പമുള്ളത്. ജോൺസൺ പന്തല്ലൂക്കാരൻ, മാത്യു ആച്ചാടൻ, സിസിലി വർഗീസ്, ആൻസി ജോൺസൺ, വിക്ടോറിയ ഡേവിസ്, സൈമൺ വടക്കുംപാടൻ തുടങ്ങിയവർ നേതൃത്വം നൽകി.