
തൃശൂർ: തട്ടിപ്പ് കേസിൽ വിശദ പരിശോധനയ്ക്കായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും കരുവന്നൂർ ബാങ്കിൽ. ഇന്നലെ രാവിലെയാണ് ഇ.ഡി ഉദ്യോഗസ്ഥർ കരുവന്നൂരിലെത്തി ബാങ്ക് പരിധിക്ക് പുറത്തുള്ളവർ എടുത്ത ലോണിന്റെ വിശദാംശം ശേഖരിച്ചത്. സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരിശോധനയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അനധികൃതമായി വായ്പയെടുത്തവരുടെ മേൽവിലാസം ശേഖരിച്ചു. നിരവധി പേർ ബാങ്കിന്റെ അധികാര പരിധിക്ക് പുറത്ത് ലോൺ എടുത്തിട്ടുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.
ഇ.ഡി അറസ്റ്റ് ചെയ്ത് ജയിലിലായിരുന്ന സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭാംഗവുമായ പി.ആർ.അരവിന്ദാക്ഷൻ,ബാങ്ക് അക്കൗണ്ടന്റ് സി.കെ.ജിൽസ് എന്നിവർക്ക് ജാമ്യം നൽകിയ ഉത്തരവിൽ പ്രതികൾ കുറ്റം ചെയ്തതായി കരുതാൻ കാരണമില്ലെന്ന ഹൈക്കോടതിയുടെ പരാമർശമാണ് ഇ.ഡിയെ ചൊടിപ്പിച്ചത്. ഈ പരാമർശം കേസിന്റെ വിചാരണയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് കൂടുതൽ തെളിവുകൾക്കായി ഇ.ഡി രംഗത്തിറങ്ങിയത്. സുപ്രീംകോടതിയെ സമീപിക്കാനാണ് ഇ.ഡിയുടെ നീക്കം.