pannippadakamm
1

കൊടുങ്ങല്ലൂർ : അരനൂറ്റാണ്ട് മുമ്പ് നിർമ്മിച്ച എറിയാട്ടെ ജല അതോറിറ്റി പമ്പ് ഹൗസ് സാമൂഹിക വിരുദ്ധരുടെയും ലഹരിമാഫിയയുടെയും താവളമാകുന്നു. എറിയാട് ഒന്നാം വാർഡിലെ ഉപയോഗ ശൂന്യമായി കിടക്കുന്ന പമ്പ് ഹൗസാണ് ജനങ്ങൾക്ക് വെല്ലുവിളിയായി ലഹരി മാഫിയാ സംഘങ്ങളുടെയും സാമൂഹിക വിരുദ്ധരുടെയും താവളമായി മാറുന്നത്. തീരദേശവും പമ്പ് ഹൗസും കേന്ദ്രീകരിച്ച് രാത്രി സമയങ്ങളിൽ കൂട്ടംകൂടി ഇരുന്ന് ലഹരി ഉപയോഗവും വിൽപ്പനയും ഇവിടെ പതിവാണ്. മാഫിയാ സംഘങ്ങൾ തമ്മിലുള്ള വാക്കുതർക്കം പലപ്പോഴും ഏറ്റുമുട്ടലിലേക്കും സംഘർഷത്തിനും വഴിവയ്ക്കുന്നു. അപരിചിതരാണ് ഇത്തരത്തിൽ പമ്പ് ഹൗസിൽ എത്തിച്ചേരുന്നതെന്ന് പ്രദേശവാസികൾ പറയുന്നു.
50 വർഷം മുൻപ് പ്രദേശത്തെ കുടിവെള്ള വിതരണത്തിനായി സ്ഥാപിച്ചതാണ് പമ്പ് ഹൗസ്. വൈന്തല കുടിവെള്ള പദ്ധതി പൂർത്തിയായപ്പോൾ ജല അതോറിറ്റിയുടെ കീഴിൽ പുതിയ പൈപ്പ് ലൈനുകളും ഹൗസ് കണക്്ഷനുകളും വന്നപ്പോൾ പമ്പ് ഹൗസിൽ നിന്നുള്ള കുടിവെള്ള വിതരണം നിറുത്തുകയായിരുന്നു. ഇരുപത് വർഷത്തിലേറെയായി പമ്പ് ഹൗസിന്റെ പ്രവർത്തനം നിലച്ചിട്ട്. അന്ന് മുതൽ പമ്പ് ഹൗസും ഭൂമിയും ഉപയോഗ ശൂന്യമായി കിടക്കുകയാണ്. ഇവിടെ വച്ചാണ് ലഹരി ഉപയോഗവും മദ്യപാനവും നടക്കുന്നത്. ഇതിനെതിരെ നാട്ടുകാർ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടികളും ഉണ്ടായില്ല. പമ്പ് ഹൗസിൽ തമ്പടിക്കുന്നവർക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നും ഉപയോഗ ശൂന്യമായ കെട്ടിടം പൊളിച്ചുനീക്കുകയോ മറ്റെന്തെങ്കിലും പദ്ധതികൾക്കായി ഉപയോഗപ്പെടുത്തുകയോ ചെയ്യണമെന്നാണ് ഉയരുന്ന ജനകീയാവശ്യം. ലഹരിമാഫിയയ്‌ക്കെതിരെ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ടി.കെ. നസീർ ഉദ്ഘാടനം ചെയ്തു. കെ.എ. നസീർ അദ്ധ്യക്ഷനായി. സി.ബി. ജമാൽ, എ.എം. നാസർ, പി.എ. ഷമീർ, കെ.എ. ശിഹാബ്, പി.എം. ബാബുട്ടൻ, കെ.എം. മൻസൂർ, പി.എ. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

പമ്പ് ഹൗസിനുള്ളിൽ വലിയ പൊട്ടിത്തെറി

കഴിഞ്ഞ രാത്രിയിലും പമ്പ് ഹൗസിൽ സാമൂഹിക വിരുദ്ധർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. വലിയ പൊട്ടിത്തെറിയുടെ ഉഗ്ര ശബ്ദവും പ്രദേശത്ത് ഞെട്ടലുണ്ടാക്കി. നാട്ടുകാരുടെ പരിശോധനയിൽ ഇവിടെ നിന്നും പന്നിപ്പടക്കം ലഭിച്ചു. രണ്ട് പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉണ്ടായ ഈ സംഭവത്തിൽ വാർഡ് നിവാസികൾ ആകെ പരിഭ്രാന്തരാണ്.

പ്രദേശത്ത് പൊലീസ് പെട്രോളിംഗ് ശക്തമാക്കണം. ലഹരി മാഫിയയ്‌ക്കെതിരെ ശക്തമായ നടപടി എടുക്കാൻ പൊലീസ്, എക്‌സൈസ് അധികൃതർ തയ്യാറാകണം.
- ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി