ചാലക്കുടി: വാഴച്ചാൽ ഫോറസ്റ്റ് ചെക്ക് പോസ്റ്റിൽ വിനോദ സഞ്ചാരികളെ തടയുന്നതായി പരാതി. കാർ അടക്കമുള്ള ചെറിയ വാഹനങ്ങളിൽ എത്തുന്നവരെ പല കാരണങ്ങൾ പറഞ്ഞ് തിരിച്ചയക്കുകയാണെന്നാണ് പരാതി ഉയരുന്നത്. വാഴച്ചാൽ വിനോദ സഞ്ചാര കേന്ദ്രം കഴിഞ്ഞുള്ള സ്ഥലങ്ങളിലേയ്ക്ക് പോകുന്നവർക്കാണ് തടസം. പൊതുമരാമത്ത് നിരത്തിൽ യാത്ര ചെയ്യുന്നത് വനപാലകർ അനുവദിക്കുന്നില്ലെന്നാണ് വിനോദ സഞ്ചാരികൾ ഉന്നയിക്കുന്ന ആക്ഷേപം. എന്നാൽ ഇത്തരം ആരോപണം ശരിയല്ലെന്ന് വാഴച്ചാൽ ഡി.എഫ്.ഒ അറിയിച്ചു. രണ്ടര മണിക്കൂറിനുള്ള മലക്കപ്പാറയിൽ റിപ്പോർട്ട് ചെയ്യണമെന്ന നിബന്ധനയിൽ എല്ലാ വിനോദ സഞ്ചാരികളെയും വാഴച്ചാലിൽ നിന്ന് കടത്തി വിടുന്നുണ്ട്. വൈകീട്ട് ആറ് മുതലാണ് യാത്രയ്ക്ക് നിരോധനം. കെ.എസ്.ഇ.ബിയുടെ സന്ദർശന അനുമതിയുള്ളവരെയും പെരിങ്ങൽക്കുത്ത്, ഷോളയാർ, അമ്പലപ്പാറ എന്നിവിടങ്ങളിലേയ്ക്ക് വിടുന്നുണ്ടെന്ന് ഡി.എഫ്.ഒ അറിയിച്ചു. മുൻപ് ഉള്ളതു പോലെ റോഡരികിൽ വാഹനം നിറുത്തി വിശ്രമിക്കുന്നതിന് ഇപ്പോൾ അനുവാദമില്ല. വന്യമൃഗങ്ങളുടെ പോക്കുവരവിനിടെ അപകടമൊഴിവാക്കുകയാണ് ലക്ഷ്യം. പുതിയ നിയമപ്രകാരം വനത്തിലേയ്ക്ക് ആരെയും കയറ്റുകയുമില്ലെന്ന് ഡി.എഫ്.ഒ ആർ.ലക്ഷ്മി അറിയിച്ചു.