
അതിരപ്പിള്ളി: ചാലക്കുടിപ്പുഴയിൽ മുതലകളും ചീങ്കണ്ണികളും പെരുകുന്നു. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിനു താഴെ മുതൽ വെറ്റിലപ്പാറ വരെയുള്ള ഭാഗങ്ങളിലാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവ പെരുകിയത്. കയങ്ങളും ആഴമേറിയ പാറയിടുക്കളും കേന്ദ്രീകരിച്ചാണ് ഇവയുടെ വാസം.കണ്ണൻകുഴി, വെറ്റിലപ്പാറ, തുമ്പൂർമുഴി പത്തേയാർ തുടങ്ങിയ സ്ഥലങ്ങളിലും പുഴയിൽ സ്ഥിരമായി ചീങ്കണ്ണികളെ കാണുന്നു. മുതലകളും സ്ഥിരമാണ്. കൊന്നക്കുഴിയിലെ വിരിപ്പാറയിലും ഈയിടെ ചീങ്കണ്ണികൾ പ്രത്യക്ഷപ്പെട്ടു. പ്രളയത്തിന് ശേഷമാണ് ചീങ്കണ്ണികളും മുതലകളും പുഴയിൽ പെരുകിയതെന്ന് നാട്ടുകാർ പറയുന്നു. ചതുപ്പൻ മുതലകൾ എന്ന് പ്രാദേശികമായി വിളിക്കുന്ന മുതലാകളെയാണ് അതിരപ്പിള്ളി മേഖലയിൽ കൂടുതലായി കാണുന്നത്.
സാധാരണ പുഴയിലെ ആഴങ്ങളിൽ കഴിയുന്ന ഇവ ഉച്ചയോടെ വെയിലേൽക്കാൻ പാറപ്പുറത്തും പുഴയോരത്തും കിടക്കുകയും ചെയ്യുന്നുണ്ട്. ആളെനക്കമില്ലാത്ത സ്ഥലങ്ങളിൽ ഇവ മണലിൽ വന്ന് മുട്ടയിടുകയാണ്.
പുഴയിൽ വിവിധയിനം മുതലകളുടെയും ചീങ്കണ്ണിയുടെയും സാന്നിധ്യം ഉണ്ടെങ്കിലും ഇവ ആർക്കും ഉപദ്രവം ഉണ്ടാക്കിയിട്ടില്ല. എങ്കിലും പുഴയിൽ ഇറങ്ങുന്ന വിനോദ സഞ്ചാരികൾ ജാഗ്രത പുലർത്തണം.
-വനപാലകർ