ഇരിങ്ങാലക്കുട : പൊത്താനിപ്പാടത്തെ വെള്ളം എടത്തിരിഞ്ഞി കോൾപ്പാടത്തേക്ക് ഒഴുക്കിവിടുന്നതിനെതിരെ പ്രതിഷേധവുമായി കർഷകർ. പോത്താനിപ്പാടത്തെ വെള്ളം പമ്പുകൾ ഉപയോഗിച്ച് അടിച്ച് വറ്റിച്ച് പാകപ്പെടുത്തി എടതിരിഞ്ഞി പാടനിലങ്ങളിലേക്ക് തുറന്നുവിടുന്നത് മൂലം എടതിരിഞ്ഞി കോൾപ്പാടത്തെ കൃഷി നശിച്ചുപോവുകയാണ്. വർഷങ്ങളായി ഈ പ്രവൃത്തി തുടർന്നുകൊണ്ടിരിക്കയാണ്. മൂന്നുവർഷം മുമ്പും 80 ഏക്കറോളം വരുന്ന കൊയ്യാറായ നെൽപ്പാടത്തേക്ക് പടിയൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ പോത്താനിപ്പാടത്ത് നിന്നും കമ്മടിത്തോട് വഴി വെള്ളം തുറന്ന് വിട്ട് 80 ഏക്കർ നെൽക്കൃഷി പൂർണമായും നശിച്ചിരുന്നു. അന്ന് സർക്കാരിൽ നിന്നും വളരെ തുച്ഛമായ നഷ്ടപരിഹാരമാണ് കർഷകർക്ക് ലഭിച്ചത്. പഞ്ചായത്തിന്റെയും കൃഷി ഓഫീസിന്റെയും നിരുത്തരവാദിത്വപരമായ നടപടിക്കെതിരെ എടതിരിഞ്ഞി കോൾപ്പാടം ഫാമിംഗ് സൊസൈറ്റിയിലെ കർഷകർ പടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. പഞ്ചായത്തിനും കൃഷിവകുപ്പിനും കളക്ടർക്കും എം.എൽ.എയ്ക്കും നിരവധി പരാതികൾ കൊടുത്തെങ്കിലും നാളിതുവരെ യാതൊരു നടപടികളും സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ലെന്ന് കർഷകർ കുറ്റപ്പെടുത്തി. ഇതിൽ പ്രതിഷേധിച്ചാണ് കർഷകർ സൂചനാസമരം നടത്തിയത്. പാടശേഖരം സെക്രട്ടറി വിജയൻ തേവർക്കാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. ധീരജ് മോഹൻ അദ്ധ്യക്ഷനായി. കെ.എസ്. രാധാകൃഷ്ണൻ, പി.മധുസൂദനൻ, തിലകൻ, ടി.കെ. വിജയൻ, മുരളി മാരാത്ത് എന്നിവർ സംസാരിച്ചു.

കഴിഞ്ഞ ആഴ്ചയിലും കൃഷി നശിച്ചു
കഴിഞ്ഞ ആഴ്ച പെയ്ത മഴയിലും പഞ്ചായത്ത് പ്രസിഡന്റിന്റെ നിർദ്ദേശത്തിൽ കമ്മടിത്തോട് തുറന്നതിനാൽ വെള്ളം എടതിരിഞ്ഞി പാടത്തേക്ക് എത്തി പൊതുവത്ത് മധുസൂദനൻ, പാടത്തുനാട്ടിൽ ചന്ദ്രശേഖരൻ എന്നിവരുടെ നെൽക്കൃഷി പൂർണമായും മറ്റുള്ള കർഷകരുടെ കൃഷി ഭാഗികമായും നശിച്ചു. നാല് വർഷമായി ഈ വിഷയത്തിൽ നിരവധി പരാതികൾ നൽകിയിട്ടും 200ൽ പരം കർഷകരെ പൂർണമായും ഒഴിവാക്കുന്ന സ്ഥിതി തുടരുകയാണെന്ന് കർഷകർ ആരോപിച്ചു. പ്രശ്‌നത്തിന് പരിഹാരമായില്ലെങ്കിൽ തുടർ സമരങ്ങൾ നടത്താനാണ് കർഷകരുടെ തീരുമാനം