
തൃശൂർ: ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണം പൂരങ്ങളെയും ഉത്സവങ്ങളെയും ബാധിക്കുന്നതൊഴിവാക്കാൻ നാട്ടാന പരിപാലന ചട്ടത്തിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം ശക്തം. ബന്ധപ്പെട്ടവരുമായി സർക്കാർ ഇക്കാര്യം ചർച്ച ചെയ്ത് വ്യക്തമായ മാർഗ്ഗരേഖയുണ്ടാക്കണമെന്ന് പൂരം, ഉത്സവ സംഘാടകർ ആവശ്യപ്പെടുന്നു. 2012ലെ ചട്ടത്തിൽ, എഴുന്നള്ളിക്കുന്ന ആനകൾ തമ്മിൽ മതിയായ അകലമുണ്ടായിരിക്കണമെന്നുണ്ട്. ഇതാണ് കോടതി മൂന്ന് മീറ്ററാക്കിയത്. പകലെഴുന്നെള്ളിപ്പ് രാവിലെ പത്തിനും നാലിനുമിടയിൽ നടത്തരുതെന്നുള്ളതും കണക്കിലെടുത്ത് ആനകൾക്ക് വിശ്രമം നൽകുന്നതിനും നിയന്ത്രണമേർപ്പെടുത്തി.
എന്നാൽ ഇതേ നിയമത്തിൽ ആചാരപരമായ എഴുന്നള്ളിപ്പ് നടത്താമെന്നുണ്ട്. എഴുന്നള്ളിപ്പ് നടക്കുന്ന സ്ഥലം നനച്ചും ആനകൾക്ക് തണുപ്പുള്ള ഭക്ഷണം നൽകിയും ചൂടിനെ പ്രതിരോധിക്കാം. ഇതുൾപ്പെടെയുള്ള കാര്യങ്ങളെപ്പറ്റി ആനയുടമസ്ഥരും ഉത്സവനടത്തിപ്പുകാരും മറ്റുമായി സർക്കാർ ചർച്ച നടത്തണം. ജെല്ലിക്കെട്ട് നടത്താൻ തമിഴ്‌നാട് സർക്കാർ സ്വീകരിച്ച നിയമ നടപടികളെപ്പറ്റിയും അവർ പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംവകുപ്പിനും മന്ത്രിമാർക്കും കത്ത് നൽകിയിട്ടുണ്ട്.
നിരവധി ഉത്സവങ്ങളും പൂരങ്ങളുമുള്ളതിനാൽ ആനകളെ കിട്ടാനില്ല. നിയന്ത്രണമായതോടെ ഉത്സവ നടത്തിപ്പ് പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് 380 ആനകളേയുള്ളൂ. മദപ്പാടുള്ളവയെ മാറ്റിനിറുത്തിയാൽ എഴുന്നള്ളിപ്പിനുണ്ടാകുക 300 എണ്ണമാകും. ജനുവരി മുതൽ ഏപ്രിൽ വരെ ഉത്സവസീസണിൽ ഒരാനയ്ക്ക് ശരാശരി 30 എഴുന്നള്ളിപ്പാണുണ്ടാകുക. വർഷത്തിൽ ഒരാനയെ പരിപാലിക്കാൻ 20 ലക്ഷം രൂപയെങ്കിലും വേണം. നിയന്ത്രണത്തെ തുടർന്ന് എഴുന്നള്ളിപ്പും വരുമാനവും കുറയും. ആന പരിപാലനം പ്രതിസന്ധിയിലാകും.
അകലം: ചില നിർദ്ദേശങ്ങൾ
(പൂരപ്രേമികളുടെ ആവശ്യം - കോടതി നിർദ്ദേശിച്ച അകലം ബ്രായ്ക്കറ്റിൽ)
ആനകൾ തമ്മിൽ 1 (3) മീറ്റർ
ആനയും പന്തവും തമ്മിൽ 3 (5)
ആനയും ജനങ്ങളും തമ്മിൽ 5 (8)
വെടിക്കെട്ട് സ്ഥലത്തേക്ക് 60 (100).
ഉത്സവങ്ങൾ ആചാരമനുസരിച്ചും പ്രൗഢിയോടെയും നടത്താൻ സാഹചര്യമുണ്ടാകണം.
വത്സൻ ചമ്പക്കര
സംസ്ഥാന ജനറൽ സെക്രട്ടറി
കേരള ഫെസ്റ്റിവൽ കോ ഓർഡിനേഷൻ കമ്മിറ്റി.