vinu

തൃപ്രയാർ: നാട്ടിക പഞ്ചായത്തിലെ ഒൻപതാം വാർഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് അട്ടിമറി വിജയം നേടി. സി.പി.എമ്മിൽ നിന്ന് യു.ഡി.എഫ് സീറ്റ് പിടിച്ചെടുക്കുകയായിരുന്നു. കോൺഗ്രസിലെ പി.വിനു തെരഞ്ഞെടുക്കപ്പെട്ടു. സി.പി.എം സ്ഥാനാർത്ഥി വി.ശ്രീകുമാറിനേക്കാൾ 115 വോട്ട് ഭൂരിപക്ഷത്തിനാണ് വിനു വിജയിച്ചത്. ആകെ പോൾ ചെയ്തത് 1107. പി.വിനു (യു.ഡി.എഫ്) 525, വി.ശ്രീകുമാർ (എൽ.ഡി.എഫ്) 410 ജ്യോതി ദാസ് (ബി.ജെ.പി) 172 എന്നിവയാണ് ലഭിച്ച വോട്ടുകൾ. 14 അംഗ ഭരണസമിതിയിൽ സി.പി.എം ആറ്, യു.ഡി.എഫ് അഞ്ച് , ബി.ജെ.പി മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില. സി.പി.എം അംഗങ്ങളാണ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിക്കുന്നത്. സി.പി.എം അംഗം കെ.ബി.ഷൺമുഖന്റെ നിര്യാണത്തെ തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വാർഡ് യു.ഡി.എഫ് പിടിച്ചെടുത്തതോടെ സി.പി.എമ്മിന് പഞ്ചായത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു.