തൃശൂർ: വൈദ്യുതി നിരക്ക് വർദ്ധനയിലും കൂർക്കഞ്ചേരി റോഡ് നിർമ്മാണത്തിലെ അഴിമതി ആരോപണത്തിലും
പ്രക്ഷുബ്ദ്ധമായി നഗരസഭാ കൗൺസിൽ. പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതോടെ ഒരു അജണ്ട പോലും വായിക്കാതെ മേയർ കൗൺസിൽ പിരിച്ച് വിട്ട് ഇറങ്ങി പോയി. അജണ്ട വായിക്കാത്തത് വീണ്ടും പ്രതിഷേധിത്തിന് ഇടയാക്കി. കോൺഗ്രസ് അംഗങ്ങൾ മേയറുടെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. ഉച്ചയ്ക്ക് ശേഷം വീണ്ടും കൗൺസിൽ ചേർന്ന് അജണ്ടകൾ ചർച്ച ചെയ്തു. വൈദ്യുതി നിരക്ക് വർദ്ധനവിനെതിരെയും കുറുപ്പം റോഡ് കൂർക്കഞ്ചേരി റോഡ് നിർമ്മാണത്തിലെ അഴിമതി വിജിലൻസ് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്ല കാർഡുകളേന്തി കോൺഗ്രസ് കൗൺസിലർമാരും മെഴുകുതിരി കത്തിച്ച് ബി.ജെ.പി അംഗങ്ങളും കൗൺസിലിൽ എത്തിയത്.
കെ.എസ്.ഇ.ബി വർദ്ധന വരുത്തിയതിനു പിന്നാലെയാണ് കോർപറേഷനും വൈദ്യുതി നിരക്ക് വർദ്ധിപ്പിച്ചത്. നിലവിൽ കോർപറേഷൻ കെഎസ്.ഇ.ബിയെക്കാൾ കൂടുതൽ നിരക്കാണ് വാങ്ങുന്നതെന്നും പ്രതിപക്ഷ നേതാവ് രാജൻ പല്ലനും ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരിയും പറഞ്ഞു. വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപെട്ട് കൗൺസിൽ പ്രമേയം പാസാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്ക് ജോൺ ഡാനിയേൽ, സുനിൽ രാജ്, സിന്ധു ആന്റോ ചാക്കോള, മൂകേഷ് കൂളപറമ്പിൽ, കെ.രാമനാഥൻ, ബി.ജെ.പിയിലെ എൻ.പ്രസാദ്, കെ.എം.നിജി എന്നിവരും പങ്കെടുത്തു.
നിശബ്ദത പാലിച്ച് ഭരണ പക്ഷം
കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയപ്പോൾ രാജശ്രീ ഗോപനൊഴികെ ആരും തന്നെ ഭരണപക്ഷത്ത് നിന്ന് പ്രതിരോധിക്കാൻ രംഗത്തെത്തിയില്ല. പി.കെ.ഷാജൻ, വർഗീസ് കണ്ടംകുളത്തി, സാറാമ്മ റോബ്‌സൺ ഉൾപ്പടെയുള്ള ഭരണപക്ഷ കൗൺസിലർമാർ യോഗത്തിന് എത്തിയിരുന്നു.
റോഡിൽ മെക്കാഡം ടാറിംഗ് മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നതാണ്. നിർമ്മാണത്തിൽ വ്യാപകമായ ക്രമക്കേട് നടന്നിട്ടുണ്ട്. വിജിലൻസ് അന്വേഷണം നടത്തണം
(രാജൻ പല്ലൻ, പ്രതിപക്ഷ നേതാവ്)
മൂന്നാം പൈപ്പ് ലൈൻ ഇടുന്നത് സംബന്ധിച്ച ചർച്ച നടത്താതിരിക്കാനാണ് കോൺഗ്രസ് ബഹളം സൃഷ്ടിച്ച് കൗൺസിൽ തടസപ്പെടുത്തിയത്. കൗൺസിൽ നടപടികൾ നടക്കുന്നതിനാണ് ബി.ജെ.പി സമാധാനപരമായി പ്രതിഷേധിച്ചത്.
(വിനോദ് പൊള്ളാഞ്ചേരി, ബി.ജെ.പി പാർലിമെന്ററി പാർട്ടി ലീഡർ)
വൈദ്യുതി നിരക്ക് സംബന്ധിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണ് . വാർത്ത പ്രാധാന്യം ഉണ്ടാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
(കെ.സതീഷ്ചന്ദ്രൻ, ഭരണപക്ഷ അംഗം)