വടക്കാഞ്ചേരി: മേഖലയിലെ കാട്ടാന ശല്യത്തിന് പിന്നാലെ പശ്ചിമ ബംഗാളിൽ നിന്ന് എത്തിച്ച് നടത്തിയ വൈറ്റ് കോട്ര നെൽക്കൃഷി നശിപ്പിച്ച് കാട്ടുപന്നിക്കൂട്ടം. യുവകർഷകൻ നാസർ മങ്കരയുടെ ചാലിപ്പാടം പാടശേഖരത്തിലെ അഞ്ചാം ചാലിൽ വിളവെടുപ്പിന് പാകമായ മൂന്ന് ഏക്കർ സ്ഥലത്തെ നെൽക്കൃഷിയാണ് പന്നിക്കൂട്ടം നശിപ്പിച്ചത്. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മികച്ച വിളവിന് തയ്യാറെടുക്കുമ്പോഴാണ് കർഷകന് തിരിച്ചടിയായി കൃഷി നശിച്ചത്.

എരുമപ്പെട്ടിയിലും

കർഷകർക്ക് ദുരിതം

എരുമപ്പെട്ടി: കുന്നത്തേരി പാടശേഖരത്തിലെ ശങ്കരൻക്കാവ്, കുന്നത്തേരി ഉൾപ്പെടെ 120 ഏക്കറിലും പതിയാരം പാടശേഖരത്തിന്റെ കീഴിൽ 40 ഏക്കറിലും പന്നിശല്യം രൂക്ഷം. ഇരയെ പിടിക്കാനായി മണ്ണ് കുത്തിമറിക്കുകയും നെല്ലിലൂടെ ഓടുന്നതും മൂലം പാടത്ത് കാവലിരിക്കുകയാണ് കർഷകർ. കഴിഞ്ഞ കാലങ്ങളിൽ കാലാവസ്ഥ പ്രതികൂലമായപ്പോൾ വിളവ് വളരെ കുറഞ്ഞിരുന്നു. ഇത്തവണ പന്നിശല്യം രൂക്ഷമായിരിക്കുകയാണ്. പന്നിയെ ഓടിക്കാൻ രാത്രിയിൽ ട്യൂബ് ലൈറ്റുകൾ ഇട്ടും കാവലിരുന്നുമാണ് കർഷകർ നെല്ല് സംരക്ഷിക്കുന്നത്. പന്നിയെ വെടിവെക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കർഷകർ എരുമപ്പെട്ടി പഞ്ചായത്തിനോട് ആവശ്യപ്പെട്ടു.

കാർഷിക രംഗത്തെ വേറിട്ട് കർഷകൻ

കാർഷിക രംഗത്ത് എന്നും വൈവിദ്ധ്യം പരീക്ഷിക്കുന്ന നാസർ മങ്കരയാണ് മേഖലയിൽ വൈറ്റ് കോട്ര ആദ്യമായി കൃഷിയിറക്കുന്നത്. നേരത്തെ ബംഗാളിൽ നിന്ന് എത്തിച്ച ഗുറുഞ്ചാരി നെൽവിത്തിലെ പരീക്ഷണ കൃഷി വൻ വിജയമായിരുന്നു. വൈറ്റ് കോട്ര കൃഷിയിൽ 45 ദിവസം കൊണ്ട് നെൽച്ചെടികൾ കതിരിടും. 85 ദിവസങ്ങൾ കൊണ്ട് വിളവെടുക്കാമെന്നതും ഇതിന്റെ സവിശേഷതയാണ്. പ്രതിരോധശേഷി ഏറെ കൂടുതലായതിനാൽ കീടനാശിനി പ്രയോഗവും കുറവ് മതി.

........................
വന്യമൃഗശല്യത്തിന് പരിഹാരം ഉണ്ടാക്കുന്ന നടപടികൾ സ്വീകരിക്കുമെന്ന് പ്രഖ്യാപിക്കുന്നതല്ലാതെ ഗുണപ്രദമാകുന്ന തീരുമാനം ഉണ്ടാകുന്നില്ല. ഭക്ഷ്യസുരക്ഷയ്ക്ക് കരുത്താകുന്ന കർഷകരെ സംരക്ഷിക്കാൻ നടപടി ഉണ്ടാകണം.
നാസർ മങ്കര.