തൃശൂർ: ചെലവായതിലും ഇരട്ടി പിരിച്ചെടുത്തിട്ടും പിടിച്ചുപറി അവസാനിപ്പിക്കാതെ പാലിയേക്കര ടോൾ പ്ലാസയിലെ കരാർ കമ്പനി. 725 കോടി രൂപയാണ് മണ്ണുത്തി- ഇടപ്പള്ളി നാലുവരിപ്പാത പണിയാൻ ചെലവായത്. നാഷണൽ ഹൈവേ അതോറിട്ടി ഒഫ് ഇന്ത്യയുടെ കണക്കുപ്രകാരം കഴിഞ്ഞ ജൂൺ വരെ 1,475 കോടി ടോളിലൂടെ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി പിരിച്ചെടുത്തു. ദേശീയപാതയിലെ പല നിർമ്മാണ പ്രവൃത്തികളും ബാക്കിനിൽക്കെയാണ് ഈ പകൽക്കൊള്ള.

കരാർ കാലാവധി ഇനിയും നാലുവർഷമുണ്ട്. കാലാവധി അവസാനിക്കുമ്പോഴേക്കും നാലായിരം കോടിയോളം പിരിച്ചെടുക്കുമെന്നാണ് കണക്ക്. 2012 ഫെബ്രുവരി ഒമ്പതിനാണ് ടോൾ പിരിവ് തുടങ്ങിയത്. തുടക്കത്തിൽ മാസം 10,000 വാഹനങ്ങളിൽ നിന്ന് മൂന്ന് കോടിയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ഇന്ന് വാഹനങ്ങൾ നാല്പതിനായിരമായും വരുമാനം 11 കോടിയുമായി ഉയർന്നു.

വരുമാനം നാലിരട്ടിയിലേറെ വർദ്ധിച്ചിട്ടും നോട്ട് നിരോധനം, വെള്ളപ്പൊക്കം, കൊവിഡ് തുടങ്ങിയവയിൽ പിടിച്ചുതൂങ്ങി കരാർ നീട്ടാനുള്ള വഴികളുമായി മുന്നോട്ടുപോകുകയാണ് കമ്പനി. പ്രദേശവാസികൾക്കുൾപ്പെടെ ഉണ്ടായിരുന്ന പല ആനുകൂല്യങ്ങളും എടുത്തുകളഞ്ഞ് വർഷാവർഷം ടോൾ നിരക്ക് വർദ്ധിപ്പിക്കുകയാണ്. ഇതിനെതിരെ രാഷ്ട്രീയകക്ഷികൾ നിരവധി സമരങ്ങൾ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

നിർമ്മാണം പാതിവഴിയിൽ

നിർമ്മാണം പൂർണമായി പൂർത്തിയായാലേ ടോൾ പിരിക്കാവൂവെന്നാണ് നിയമം. എന്നാൽ 12 വർഷം കഴിഞ്ഞിട്ടും പണികൾ ബാക്കി. കരാറിൽ ഉൾപ്പെട്ട പുതുക്കാട് മേൽപ്പാല നിർമ്മാണം രണ്ടുമാസം മുമ്പാണ് ആരംഭിച്ചത്. ഡ്രെയിനേജുകൾ, പ്രൊട്ടക്‌ഷൻ ബാരിക്കേഡ്, നിശ്ചിത അകലത്തിൽ കുടിവെള്ള- പബ്ളിക് ടെലിഫോൺ പോയിന്റുകൾ ഇവയൊന്നും ഇനിയും പൂർത്തിയാക്കിയിട്ടില്ല.

ടോൾ പ്ലാസ നിറുത്തലാക്കാൻ നിയമം

നാഷണൽ ഹൈവേയ്‌സ് ഫീ റൂൾസ് പ്രകാരം 60 കിലോമീറ്ററിനുള്ളിൽ ഒരു ടോൾ പ്ലാസ മാത്രമേ പാടുള്ളൂവെന്നും രണ്ടെണ്ണം ഉണ്ടെങ്കിൽ ഒന്ന് റദ്ദാക്കുമെന്നും 2021 മാർച്ച് 23ന് ലോക്‌സഭയിൽ കേന്ദ്രഗതാഗതമന്ത്രി നിതിൻ ഗഡ്ഗരി ടി.എൻ.പ്രതാപൻ എം.പിക്ക് മറുപടി നൽകിയിരുന്നു. ഇതുപ്രകാരം പാലക്കാട് ഭാഗത്തേക്ക് പോകുന്ന ആറുവരിപ്പാതയിലെ പന്നിയങ്കരയിൽ ടോൾപ്ലാസ വന്നതിനാൽ പാലിയേക്കരയിലേത് നിറുത്തലാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ 2022 നവംബർ 24ന് ഗതാഗത മന്ത്രി മലക്കം മറിഞ്ഞു.

വാഹനയുടമകളുടെ പോക്കറ്റിൽ നിന്ന് കോടികൾ കൊയ്യുന്ന ഈ ടോൾ ഇനിയെന്തിന് നിലനിറുത്തണം. സംസ്ഥാന സർക്കാർ ഇടപെട്ട് ജനങ്ങളുടെ വികാരം കേന്ദ്രത്തെ അറിയിക്കണം.

അഡ്വ. ജോസഫ് ടാജറ്റ്,
ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ്