star
1

കൊടുങ്ങല്ലൂർ : ക്രിസ്മസ് വിപണിയിൽ എൽ.ഇ.ഡി നക്ഷത്രങ്ങൾക്ക് പ്രിയമേറുന്നു. പേപ്പർ നക്ഷത്രങ്ങൾക്ക് ആവശ്യക്കാർ കുറഞ്ഞുവരുന്നുമുണ്ട്. ഒട്ടുമിക്ക വ്യാപാര സ്ഥാപനങ്ങളിലും എൽ.ഇ.ഡി നക്ഷത്രങ്ങളാണ് കൂടുതലും വിറ്റുപോകുന്നത്. മുൻവർഷങ്ങളേക്കാൾ പേപ്പർ നക്ഷത്രങ്ങൾ വിൽപ്പനയ്ക്ക് എത്തുന്നതും നന്നേ കുറവാണ്. കണ്ണഞ്ചിപ്പിക്കുന്ന എൽ.ഇ.ഡി നക്ഷത്രങ്ങളിലേക്കാണ് ആവശ്യക്കാർ ആകൃഷ്ടരാകുന്നത്. അതുപോലെ അലങ്കാര വിളക്കുകൾ, ക്രിസ്മസ് പപ്പാതൊപ്പികൾ, വിവിധ തരത്തിലുള്ള നക്ഷത്രങ്ങൾ എന്നിവയും വിപണിയിൽ സജീവമാണ്. ക്രിസ്മസ് ട്രീകൾ അലങ്കരിക്കാൻ ഉപയോഗിക്കുന്ന വിവിധ തരത്തിലുള്ള ലൈറ്റുകൾ, ഡെക്കറേഷൻ സാധനങ്ങൾ എന്നിവയ്ക്കും ആവശ്യക്കാരേറെയാണ്. എൽ.ഇ.ഡി ലൈറ്റ് നക്ഷത്രങ്ങളും എൽ.ഇ.ഡി സ്ട്രിപ്പ് സ്റ്റാറും ഗ്ലാസ് സ്റ്റാറുമൊക്കെയാണ് ഇത്തവണ വിപണിയിൽ വെട്ടിത്തിളങ്ങുന്നത്. പ്രതികൂല കാലാവസ്ഥ തുടക്കത്തിൽ മങ്ങലേൽപ്പിച്ചെങ്കിലും ഇപ്പോൾ ക്രിസ്മസ് വിപണി സജീവമാണ്. ഏതാനും വർഷങ്ങളായി പേപ്പർ സ്റ്റാറുകളുടെ കച്ചവടം കുറഞ്ഞു വരുന്ന സ്ഥിതിയാണ്. കച്ചവടക്കാർ അധികംപേരും പല കാരണങ്ങളാൽ പേപ്പർ നക്ഷത്രം ഉപേക്ഷിക്കുന്നുണ്ട്. കോട്ടപ്പുറം രൂപതയുടെ സാമൂഹിക സേവന വിഭാഗമായ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി വർണാഭമായ പേപ്പർ നക്ഷത്രങ്ങൾ നിർമ്മിച്ച് വിപണിയിൽ ഇറക്കിയിരുന്നു. 25 ഓളം ഭിന്നശേഷിക്കാരും അതിനൊപ്പമുള്ള സ്ത്രീകളുടെ നേതൃത്വത്തിലായിരുന്നു നക്ഷത്ര നിർമ്മാണം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നക്ഷത്ര നിർമ്മാണം അവരും ഉക്ഷേച്ചിരിക്കുകയാണ്.

പേപ്പറിന്റെ വില വർദ്ധനവും വിപണിയിലെ പ്രതിസന്ധിയുമാണ് നക്ഷത്ര നിർമ്മാണം നിറുത്തിവയ്ക്കാൻ കാരണം.
-ഫാദർ പോൾ തോമസ് കളത്തിൽ
(കിഡ്‌സ് ഡയറക്ടർ)