കയ്പമംഗലം : കാക്കാത്തുരുത്തി ലാൽബഹദൂർ ശാസ്ത്രി കോളനിയിൽ കടന്നൽക്കൂട്ടമിളകി. കടന്നലാക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കാക്കാത്തിരുത്തി എൽ.ബി.എസ് കോളനിക്ക് സമീപത്ത് താമസിക്കുന്ന രായംമരയ്ക്കാർ വീട്ടിൽ സിദ്ധിഖ് (80), ഭാര്യ ശരീഫ (65), മതിലകത്ത് വീട്ടിൽ അൻസർ (42) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മരത്തിലാണ് ഭീമൻ കടന്നൽ കൂടുള്ളത്. പരുന്ത് വന്ന് കൂടിളക്കിയതിനെ തുടർന്ന് കടന്നൽക്കൂട്ടം പരിസരവാസിയായ സിദ്ധിഖിനെയും ശരീഫയെയും ആക്രമിക്കുകയായിരുന്നു. ഇവരെ രക്ഷിക്കാനെത്തിയ അൻസറിനും കുത്തേറ്റു. ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കയ്പമംഗലം പഞ്ചായത്തിലെ ഒമ്പതാം വാർഡിലെ ശംസുൽ ഉലമ പള്ളിക്കടുത്തുള്ള പറമ്പിലെ കടന്നൽക്കൂടാണ് പ്രദേശവാസികൾക്ക് ഭീഷണിയായിട്ടുള്ളത്. സംഭവമറിഞ്ഞ് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയിരുന്നു.