
തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സംഗീത നാടക അക്കാഡമി നീട്ടിവച്ച രാജ്യാന്തര നാടകോത്സവം (ഇറ്റ് ഫോക് ) മാർച്ച് മാസത്തിൽ നടത്തും. സാംസ്‌കാരിക മന്ത്രി സജി ചെറിയാനുമായി സംഗീതനാടക അക്കാഡമി ചെയർമാൻ കരിവെള്ളൂർ മുരളി നടത്തിയ ചർച്ചയിലാണ് നാടകോത്സവം നടത്താൻ സർക്കാർ അനുമതി നൽകിയത്.
സാധാരണ ഫെബ്രുവരിയിൽ നടത്താറുള്ള നാടകോത്സവം ഇക്കൊല്ലം ഡിസംബറിന് മുമ്പെങ്കിലും നടത്താനാണ് അക്കാഡമി തീരുമാനിച്ചിരുന്നത്. അതിനും മുമ്പ് നടത്തുന്നതിന്റെ സാദ്ധ്യതയും ആരായുന്നുണ്ടായിരുന്നു.
തുടർന്നാണ് മന്ത്രിയുമായി ചർച്ച നടത്തിയത്. അതേസമയം എത്ര തുക നൽകുമെന്ന് വ്യക്തമല്ല. മൂന്ന് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അത്രയും ലഭിക്കാനിടയില്ലെങ്കിലും ലഭിക്കുന്ന തുക കൊണ്ട് നടത്താനാണ് ശ്രമം. നാടകോത്സവം മുടക്കാതിരിക്കാനാണ് അക്കാഡമി ശ്രമിക്കുന്നത്. നാടകോത്സവം നടക്കില്ലെന്ന പ്രചാരണം തെറ്റാണെന്നും സെക്രട്ടറി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ പതിനഞ്ച് കൊല്ലമായി നടത്തുന്ന രാജ്യാന്തര നാടകോത്സവം മുടങ്ങില്ലെന്നത് നാടകപ്രേമികൾക്ക് പ്രതീക്ഷ നൽകുന്നു.
മന്ത്രിയിൽ നിന്ന് അനുകൂല പ്രതികരണമാണുണ്ടായത്. തുടർന്ന് നിർവാഹക സമിതിയംഗങ്ങളുമായി ചർച്ച നടത്തി പ്രതിബന്ധങ്ങൾ മറികടന്ന് നടത്താൻ തീരുമാനിച്ചു.
കരിവെള്ളൂർ മുരളി
സെക്രട്ടറി, സംഗീത നാടക അക്കാഡമി.