മാള: മാള മേഖലയിൽ കുട്ടികളിൽ മുണ്ടിനീര് (മംപ്‌സ്) രോഗം പടരുന്നു. കുട്ടികളിലാണ് രോഗവ്യാപനം ഏറെയും. രോഗവ്യാപനം രൂക്ഷമായതോടെ മാളയിലെ ഒരു സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസുകൾക്ക് താത്കാലിക അവധി നൽകിയിരിക്കയാണ്. മാള ബ്ലോക്കിൽ ഈ വർഷം 54 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ മുണ്ടിനീര് ബാധിച്ച 16 ഓളം രോഗികളുണ്ട്. അന്നമനട, ആളൂർ പഞ്ചായത്തുകളിൽ നിന്നാണ് ഈ വർഷം കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. മാള, പൊയ്യ, കുഴൂർ പഞ്ചായത്തുകളിൽ നിന്നും രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹോമിയോപ്പതി തുടങ്ങിയ സമാന്തര ചികിത്സയെ ആശ്രയിക്കുന്നവരുടെ എണ്ണം ഇതിൽപെടില്ല. നിരവധി കുട്ടികളിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ മാളയിലെ സ്‌കൂളുകളിൽ പ്രത്യേക ആരോഗ്യ പരിശോധനകളും ജാഗ്രതാ നടപടികളും ബോധവത്കരണ ക്ലാസുകളും ആരംഭിച്ചിട്ടുണ്ട്.
പനി, തലവേദന എന്നിവ ലക്ഷണം
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ വീക്കം, പനി, തലവേദന തുടങ്ങിയവയാണ് രോഗലക്ഷണം. ഇത്തരം ലക്ഷണങ്ങളുള്ള വിദ്യാർത്ഥികളെ സ്‌കൂളിൽ വിടുന്നത് ഒഴിവാക്കണം. വായുവിൽ കൂടി പകരുന്ന രോഗമായതുകൊണ്ട് മാസ്‌ക് ഉപയോഗിക്കണം. ലക്ഷണങ്ങൾ കാണുമ്പോൾ തന്നെ ആരോഗ്യവിദഗ്ദ്ധരുമായി ബന്ധപ്പെട്ട് പരിശോധന നടത്തണം. രോഗലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിച്ചാൽ രോഗം എളുപ്പത്തിൽ നിയന്ത്രിക്കാൻ കഴിയുമെന്ന് വിദഗ്ദ്ധർ പറയുന്നു.
മേഖലയിൽ രോഗം വ്യാപകമല്ല. ചില കുട്ടികളിൽ മാത്രമാണ് രോഗലക്ഷണങ്ങൾ കണ്ടിട്ടുള്ളത്. പ്രതിരോധ നടപടികൾ ഊർജിതമാക്കി. ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
- ആശാ സേവ്യർ
(മാള പി.എച്ച്.സി സൂപ്രണ്ട്)