ചാലക്കുടി: പുറംമ്പോക്ക് കൈയ്യേറ്റം ഒഴിവാക്കി പുതുചിറ കുളം ഏറ്റെടുക്കാൻ നഗരസഭ. നഗരത്തിലെ ആശാ ഗ്യാസ് ഏജൻസിക്ക് സമീപം സർവേ നമ്പർ 283 ൽ ഉൾപ്പെടുന്ന കുളവും ഭൂമിയുമാണ് ഏറ്റെടുക്കുന്നത്. കൈയ്യേറ്റക്കാരോട് വിട്ടൊഴിയാൻ നഗരസഭ സെക്രട്ടറി നൽകിയ ഉത്തരവിനെതിരെ കക്ഷികൾ ഇ.ആർ.ഡി.ഒക്ക് നൽകിയ അപ്പീൽ പരാതി തള്ളിയ സാഹചര്യത്തിലാണ് കൈയ്യേറ്റം ഒഴിവാക്കാൻ കൗൺസിൽ തീരുമാനം. ചാലക്കുടിയുടെ പട്ടണ ഹൃദയത്തിലെ ഏറ്റവും വലിയ ജലസ്രോതസുകളിൽ ഒന്നായിരുന്ന ഒരു ഏക്കറോളം വരുന്ന പുതുചിറകുളം നവീകരിക്കുന്നതിനാണ് നഗരസഭ ലക്ഷ്യമിടുന്നത്. 2025-26 വാർഷിക പദ്ധതി രൂപീകരണവുമായ് ബന്ധപ്പെട്ട് ആസൂത്രണ സമിതി ചേരാനും, ജനുവരി 2 മുതൽ 19 വരെ വാർഡ് സഭകൾ ചേരാനും, ജനുവരി 17 നകം അന്തിമ പദ്ധതിക്ക് അംഗീകാരം നേടാനും കൗൺസിൽ തീരുമാനിച്ചു. നഗരസഭ വാർഷിക പദ്ധതി വഴി നടപ്പാക്കുന്ന യോഗ പരിശീലനം ആരംഭിക്കും. യോഗ പരിശീലകരെ നിയമിക്കാനും തീരുമാനിച്ചു. ചെയർമാൻ എബി ജോർജ് അദ്ധ്യക്ഷത വഹിച്ചു.