തൃശൂർ: എൻ.എച്ച്.എം ജീവനക്കാർ 18ന് സംസ്ഥാന വ്യാപകമായി പണിമുടക്കുമെന്ന് എൻ.എച്ച്.എം എംപ്ലോയീസ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ഭാരവാഹികൾ പറഞ്ഞു. ആശുപത്രികളിൽ ഒ.പി, ലാബ്, കാഷ്വാലിറ്റി തുടങ്ങിയ മേഖലകളിലായി 13,000 ജീവനക്കാരാണുള്ളത്. അപാകതകൾ പരിഹരിച്ച് എല്ലാ മാസവും അഞ്ചിനുള്ളിൽ ശമ്പളംവിതരണം ചെയ്യുക, ജീവനക്കാരെയെല്ലാം ഇ.പി.എഫിൽ ഉൾപ്പെടുത്തുക, പ്രസവാവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. എൻ.എച്ച്.എം ജീവനക്കാർക്ക് ശമ്പളത്തുക 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് നൽകുന്നത്. കേന്ദ്രം പണം അനുവദിക്കാത്തതാണ് ശമ്പളം മുടങ്ങാൻ കാരണമെന്ന് ഫെഡറേഷൻ പ്രസിഡന്റ് യു.പി.ജോസഫ് പറഞ്ഞു. സമരം ചെയ്യുന്ന ജീവനക്കാർ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും മാർച്ചും ധർണയും നടത്തും.