amritham-nutrimics
കുടുംബശ്രീ സംരംഭകർ അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കുന്നു

എരുമപ്പെട്ടി : ശുദ്ധജലത്തിന്റെ ലഭ്യതക്കുറവും അസംസ്കൃത വസ്തുക്കളുടെ വിലവർദ്ധനവും മൂലം നാനൂറോളം അങ്കണവാടികളിലേക്കുള്ള അമൃതം ന്യൂട്രീമിക്‌സ് വിതരണം ചെയ്യുന്ന കുടുംബശ്രീ സംരംഭകർ പ്രതിസന്ധിയിൽ.

വടക്കാഞ്ചേരി, പഴയന്നൂർ ബ്ലോക്കിലെ നാനൂറോളം അങ്കണവാടികളിലേക്കുള്ള അമൃതം ന്യൂട്രീമിക്‌സ് വിതരണം ചെയ്യുന്ന സ്ത്രീകളാണ് ദുരിതത്തിലായത്. 18 വർഷമായി മങ്ങാടുള്ള കെട്ടിടത്തിലാണ് ഇവർ ഉത്പാദനം നടത്തിയിരുന്നത്. പുതിയ പഞ്ചായത്ത് ഓഫീസ് കെട്ടിട നിർമ്മാണത്തിനായി ഇവരെ ഒഴിപ്പിച്ചു. പകരം പഞ്ചായത്തിന്റെ കീഴിലുള്ള ഉപയോഗമില്ലാതെ കിടന്ന കുണ്ടനൂർ തിരുത്തിലെ കെട്ടിടം പുനർ നിർമ്മാണം നടത്തി നൽകി. എന്നാൽ ഈ കെട്ടിടത്തിൽ കുടിവെള്ള സ്രോത്രസോ, കുടിവെള്ള പദ്ധതി കണക്ഷനോ ഇല്ലാത്തതാണ് ദുരിതമായത്. 2006 ലാണ് നാല് പേരടങ്ങുന്ന നാല് ഗ്രൂപ്പ് സംരംഭം തുടങ്ങിയത്. വെള്ളം പുറത്ത് നിന്ന് വണ്ടികളിൽ അടിക്കുന്നതിനാൽ ഒരു ദിവസം ആവശ്യം വരുന്ന 4000 ലിറ്റർ വെള്ളത്തിന് 1600 രൂപയാണ് അധിക ചെലവ് വരുന്നത്. പഞ്ചായത്തിൽ നിരന്തരം ഈ വിഷയം പറയുമെങ്കിലും കരാറുകാരൻ കിണർ പണി ചെയ്യുന്നില്ല എന്ന പതിവ് പല്ലവിയാണ് മറുപടി.

ഇതിനൊപ്പമാണ് അസംസ്‌കൃത സാധനങ്ങളായ ഗോതമ്പിന്റെ ഉൾപ്പെടെ വിലവർദ്ധനവും ഉണ്ടായത്. ഇതോടെ ലാഭവിഹിതം ഗണ്യമായി കുറഞ്ഞു. ഏഴ് വർഷമായി അമൃതം ന്യൂട്രീമിക്‌സിന് വില കൂട്ടി നൽകാനും തയ്യാറായിട്ടില്ല. നാല് ഗ്രൂപ്പായി നടത്തിയിരുന്ന സംരംഭം മൂന്ന് ഗ്രൂപ്പായി ചുരുങ്ങി. ബാക്കിയുള്ളവർ അധിക ചെലവും, വില വർദ്ധനയും കാരണം സംരംഭം നിറുത്തേണ്ട ഗതികേടിലുമാണ്. 18 വർഷമായി തങ്ങൾ പടുത്തുയർത്തിയ കുടുംബശ്രീ സംരംഭം ഇല്ലാതാവുമോ എന്ന മാനസിക സമ്മർദ്ദത്തിലാണ് ഈ സ്ത്രീ സംരംഭകർ.

അഞ്ചുമാസമായി ബിൽ തുക ലഭിച്ചിട്ടില്ല

അമൃതം ന്യൂട്രീമിക്‌സ് നിർമ്മാണ കുടുംബശ്രീ സംരംഭകർക്ക് ലഭിക്കാനുള്ളത് ജൂലൈ മുതലുള്ള ബിൽ തുകയായ 40 ലക്ഷം രൂപ.
വർഷം ഒന്നരക്കോടി രൂപയുടെ ഉല്പാദനം നടന്നിരുന്ന സംരംഭം രണ്ടര വർഷക്കാലമായി പകുതിയിലേക്ക് ചുരുങ്ങി. മൂന്നോ നാലോ മാസം കഴിയുമ്പോഴാണ് പഞ്ചായത്തുകൾ ബില്ല് അനുവദിക്കാറുള്ളത്. മൂന്ന് മാസം കൂടുമ്പോൾ ഗവൺമെന്റ് ഫുഡ് അനാലിസിസ് ലാബ് എറണാകുളത്ത് കൊണ്ടുപോയി അമൃതം ന്യൂട്രിമിക്‌സ് പരിശോധന നടത്തും.ഇതിനായി 6000 രൂപയാണ് ഫീസീടാക്കുന്നത്. ഉല്പാദനത്തിന് ഉപയോഗിക്കുന്ന യന്ത്രങ്ങൾക്ക് വേണ്ട വൈദ്യുതി ബില്ലും താങ്ങാനാവുന്നില്ലെന്ന് സംഭകർ പറയുന്നു. അതാത് മാസങ്ങളിൽ പഞ്ചായത്തിൽ നിന്ന് ബില്ല് തുക ലഭിക്കാത്തിനാൽ നിർത്തേണ്ട അവസ്ഥയാണുള്ളതും ഇവർ പറയുന്നു.

ഒന്നരക്കോടി രൂപയുടെ ഉല്പാദനം നടന്നിരുന്ന സംരംഭം രണ്ടര വർഷക്കാലമായി പകുതിയിലേക്ക് ചുരുങ്ങി.ബിൽ തുക ഇനിയും ലഭിക്കാനുണ്ട്. ചെലവ് വർദ്ധിക്കുന്നത് മൂലം സംരംഭം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്.

സിജി ജോൺ
മുൻ പഞ്ചായത്ത് പ്രസിഡണ്ട്
കുടുംബശ്രീ സംരംഭത്തിലെ അംഗം