question

തൃശൂർ: സ്ഥാനമോഹികളുടെ ഇടപെടലും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലിയുള്ള വിവാദങ്ങളുമായതോടെ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള നിയമനം സംബന്ധിച്ച് അനിശ്ചിതത്വം. തൃശൂരിന്റെ ചുമതല വഹിക്കുന്ന വി.കെ.ശ്രീകണ്ഠൻ എം.പി സ്ഥാനമൊഴിയുകയാണെന്ന് വ്യക്തമാക്കിയതോടെ പുതിയ പ്രസിഡന്റിനെ പ്രഖ്യാപിക്കാനുള്ള നീക്കം അവസാന ഘട്ടത്തിലായിരുന്നു. മുമ്പ് ഭാരവാഹിത്വമുള്ളവരും പ്രസിഡന്റാകാൻ ആഗ്രഹിക്കുന്നയാളും കഴിഞ്ഞ ദിവസം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെയടുത്തെത്തി സ്ഥാനത്തേക്ക് അവകാശവാദമുന്നയിച്ചു. പ്രസിഡന്റായി ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോസഫ് ടാജറ്റിനെയും യു.ഡി.എഫ് ചെയർമാനായി ടി.വി.ചന്ദ്രമോഹനെയും നിയമിക്കുന്നുവെന്ന കാര്യം കോൺഗ്രസ് വാട്‌സ് ആപ്പ് ഗ്രൂപ്പിൽ വരെ ചർച്ചയായിരുന്നു.

ഇക്കാര്യത്തിൽ കെ.പി.സി.സി നേതൃത്വം എ.ഐ.സി.സി നേതാക്കളുമായി ചർച്ച നടത്തി അംഗീകാരം നേടിയെങ്കിലും പ്രഖ്യാപനം വൈകിക്കാൻ തൃശൂരിലെ ചില നേതാക്കൾ ഇടപെട്ടത്രേ. മറ്റ് ജില്ലകളിലെയും ഡി.സി.സി പ്രസിഡന്റുമാരെ മാറ്റാനുള്ള നീക്കം നടക്കുന്നതിനാലാണ് തൃശൂരിലെ ഡി.സി.സി പ്രസിഡന്റിന്റെ പ്രഖ്യാപനം തത്കാലം വൈകിക്കുന്നതെന്നാണ് വിശദീകരണം. ചർച്ച കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തെ സംബന്ധിച്ച് വരെയെത്തി നിന്നതോടെ പ്രഖ്യാപനം മുങ്ങിപ്പോയി.

ഡി.സി.സി പ്രസിഡന്റാകാൻ ഒരു മുൻ എം.എൽ.എ കാര്യമായ ശ്രമം നടത്തുകയും സംസ്ഥാന നേതാക്കന്മാരെ വരെ കണ്ട് തനിക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നത് പ്രഖ്യാപനം വൈകാൻ കാരണമായെന്ന് ചില മുതിർന്ന നേതാക്കൾ വ്യക്തമാക്കി. തർക്കം പരിഹരിക്കാൻ പറ്റിയില്ലെങ്കിൽ വി.കെ.ശ്രീകണ്ഠനെ ഒഴിവാക്കി കെ.പി.സി.സി സെക്രട്ടറിമാരിലൊരാളെ ജില്ലയുടെ ചുമതല തത്കാലം ഏൽപ്പിക്കാനും ആലോചനയുണ്ട്. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് വരെ നഷ്ടപ്പെടുന്ന സാഹചര്യം മുതലെടുത്ത് അടുത്തുവരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ പ്രസിഡന്റിനെ നിയമിക്കണമെന്നാണ് മുതിർന്ന നേതാക്കളും ആവശ്യപ്പെടുന്നത്. ഡി.സി.സി പ്രസിഡന്റ് സ്ഥാനം സംബന്ധിച്ച് തൃശൂരിൽ മത്സരിച്ച് പരാജയപ്പെട്ട കെ.മുരളീധരനുമായും നേതൃത്വം ചർച്ച നടത്തി. തന്റെ പരാജയത്തിന് ഉത്തരവാദികളായവരെ ഒരു കാരണവശാലും പ്രസിഡന്റ് സ്ഥാനത്തേക്ക് നിയോഗിക്കരുതെന്നാണ് മുരളീധരന്റെ ആവശ്യം. ഇവരെ ഒഴിച്ച് ആരെ നിയമിച്ചാലും പ്രശ്‌നമില്ലെന്നും മുരളീധരൻ വ്യക്തമാക്കി.