ചേർപ്പ് : പൂരം, ആന എഴുന്നള്ളിപ്പ് പ്രതിസന്ധി നീങ്ങാൻ പ്രതിഷേധ യാത്ര, പൂരം ചിത്രപ്രദർശനം, തത്സമയ ചിത്രരചന എന്നിവ ഒരുക്കുന്നു. 15ന് വൈകിട്ട് 5ന് പിടിക്കപ്പറമ്പ് മഹാദേവ ക്ഷേത്രം മുതൽ ചാത്തക്കുടം ശ്രീധർമ്മശാസ്താ ക്ഷേത്രം വരെയാണ് യാത്ര. ചാത്തക്കുടം ധർമ്മശാസ്താ ക്ഷേത്രം, പിടിക്കപ്പറമ്പ് മഹാദേവ ക്ഷേത്രം, കടലാശ്ശേരി പിഷാരിക്കൽ ഭഗവതി ക്ഷേത്രം, വല്ലച്ചിറ ഭഗവാൻ-ഭഗവതി ക്ഷേത്രങ്ങളിലെ പൂരാസ്വാദകരുടെയും ഭക്തരുടെയും സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടി. ആനയുടെ പ്രാധാന്യത്തെ എടുത്തു കാണിക്കുംവിധം 25 മീറ്റർ നീളമുള്ള പ്രത്യേകം തയ്യാറാക്കിയ ക്യാൻവാസിൽ 25 ൽപരം കലാകാരന്മാർ ഒരുക്കുന്ന പൂരം, ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട തത്സമയ ചിത്രരചനയും പോസ്റ്റർ നിർമ്മാണവും നടക്കും. പെരുവനം-ആറാട്ടുപുഴ പൂരങ്ങളിലെ വ്യത്യസ്ത ചടങ്ങുകളുടെ 25ൽ പരം ചിത്രങ്ങൾ ചിത്രപ്രദർശനത്തിൽ ഉണ്ടാകും.