വടക്കാഞ്ചേരി: റഷ്യയിൽ കൂലിപട്ടാളത്തിലകപ്പെട്ട തെക്കുംകര കുത്തുപാറ തെക്കേ മുറിയിൽ ജെയിൻ കുരിയൻ (27), സഹോദരീ ഭർത്താവ് കുട്ടനെല്ലൂർ തോളത്ത് വീട്ടിൽ ബിനിൽ ബാബു (37) എന്നിവരുടെ മോചനത്തിൽ കുടുംബത്തിന് പ്രതീക്ഷ. ഓർത്തഡോക്‌സ് സഭ വിഷയത്തിൽ ഇടപെടുകയും നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന് ബന്ധുക്കളെ അറിയിച്ചു. ഇന്നലെ ഉച്ചക്ക് 12നാണ് ഡൽഹി സഭാ ആസ്ഥാനത്ത് നിന്ന് ബന്ധു സനീഷിന് ആദ്യ വിളിയെത്തിയത്. കാര്യങ്ങൾ ചോദിച്ചറിഞ്ഞതിന് ശേഷം സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കത്തോലിക്കാ ബാവ ബിനിലിന്റെ ഭാര്യ ജോയ്‌സി, ജെയിനിന്റെ മാതാവ് ജെസി എന്നിവരെ നേരിട്ട് വിളിച്ച് ആശ്വസിപ്പിച്ചു.പ്രശ്‌നം റഷ്യൻ അംബാസിഡറുമായി സംസാരിച്ചിട്ടുണ്ടെന്നും റഷ്യൻ സർക്കാരിന്റെ ഓണർ ഓഫ് ഫ്രണ്ട്ഷിപ്പ് ബഹുമതി സ്വീകരിക്കുന്ന ചടങ്ങിൽ വച്ച് അംബാസിഡറെ നേരിട്ടു കാണുമെന്നും ബാവ അറിയിച്ചു.