
തൃശൂർ: തങ്ങളുണ്ടാക്കിയ ഉത്പന്നങ്ങളുമായി ഭിന്നശേഷിക്കാരായ കുട്ടികൾ കളക്ടറേറ്റ് അങ്കണത്തിലെത്തി. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം തയ്യാറാക്കിയ 12 ഇനങ്ങൾ ഉൾപ്പെടുന്ന ക്രസ്തുമസ് സമ്മാനങ്ങളുമായാണ് അവരെത്തിയത്. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉത്പന്നങ്ങൾ കണ്ടു, തയ്യാറാക്കിയ ഭിന്നശേഷിക്കാരെ അഭിനന്ദിച്ചു. അതവർക്ക് പ്രോത്സാഹനവുമായി. ബഡ്‌സ്, സ്‌പെഷ്യൽ സ്‌കൂൾ കുട്ടികൾ, വൃദ്ധ സദനത്തിലെ അന്തേവാസികൾ എന്നിവർ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും വിപണനവും 'കൂടെ' 3.0 മേള ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ ഉദ്ഘാടനം ചെയ്തു. പന്ത്രണ്ട് ഇനങ്ങളുള്ള ക്രിസ്മസ് സമ്മാനങ്ങൾ 599 രൂപയ്ക്ക് ലഭിക്കും. ഉണ്ണിയപ്പം മുതൽ അച്ചപ്പം വരെയുള്ള പലഹാരങ്ങൾ, ഹാൻഡ് വാഷ് മുതൽ ഡിഷ് വാഷ് വരെയുള്ള ഡിറ്റർജന്റുകൾ, സോപ്പുകൾ, വൈൻ, കാർപ്പെറ്റുകൾ എന്നിങ്ങനെ വൈവിദ്ധ്യമുള്ള ഉത്പന്നങ്ങളുണ്ട്.
കുടുംബശ്രീ ജില്ലാമിഷൻ കോ-ഓർഡിനേറ്റർ ഡോ. യു.സലീൽ അദ്ധ്യക്ഷനായി, സബ് കളക്ടർ അഖിൽ വി.മേനോൻ, അസി. കളക്ടർ അതുൽ സാഗർ, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി.മീര, ഫാ. ജോൺ പോൾ അന്തിക്കാട്, കുടുംബശ്രീ അസി. കോ-ഓർഡിനേറ്റർമാരായ കെ.കെ.പ്രസാദ്, സിജുകുമാർ തുടങ്ങിയവർ പങ്കെടുത്തു. പോപ്പ് പോൾ മേഴ്‌സി ഹോം കുട്ടികൾ ചെണ്ടമേളം അവതരിപ്പിച്ചു. ജില്ലാ ഭരണകൂടം, കുടുംബശ്രീ ജില്ലാ മിഷൻ, ജില്ലാ വനിതാ ശിശു ഷേമ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ് എന്നിവരാണ് സംഘാടകർ.