ചെറുതുരുത്തി: ദേശമംഗലം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിവന്നിരുന്ന ഈ വർഷത്തെ കേരളോത്സവം കഴിഞ്ഞദിവസമുണ്ടായ അക്രമ സംഭവങ്ങളെ തുടർന്ന് നിറുത്തി. കേരളോത്സവത്തിന്റെ ഭാഗമായി നടന്ന ഫുട്ബാൾ മത്സരത്തിന്റെ സെമിഫൈനൽ നടക്കുന്നതിനിടയിൽ അക്രമം ഉണ്ടാവുകയും പിന്നീട് കൂട്ടത്തല്ലിൽ അവസാനിക്കുകയുമായിരുന്നു. ഇതിൽ നിരവധി പേർക്ക് പരിക്കേറ്റു. സംഘർഷത്തെ തുടർന്ന് ഇരുടീമുകളിലെ ഭാരവാഹികളുടെ സംയുക്തയോഗവും, അതിനുശേഷം എല്ലാ ക്ലബ് ഭാരവാഹികളുടെ യോഗവും പഞ്ചായത്ത് പ്രസിഡന്റ് കെ.ജയരാജിന്റെ അദ്ധ്യക്ഷതയിൽ ചെറുതുരുത്തി പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ചേർന്നു. ഇരുയോഗങ്ങൾക്ക് ശേഷവും സംഘർഷ സാദ്ധ്യത ഒഴിവാക്കാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നതിനാലും, സുഗമമായ സാഹചര്യത്തിൽ ഈ വർഷത്തെ കേരളോത്സവം നടത്താൻ കഴിയാത്ത സാഹചര്യത്താലും ഈ വർഷത്തെ കേരളോത്സവം നിറുത്തിവച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജയരാജൻ അറിയിച്ചു.