 
അന്തിക്കാട്: അരിമ്പൂർ ധനു പൂയ്യ മഹോത്സവത്തിന് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കൊടികയറി. ക്ഷേത്രം തന്ത്രി പഴങ്ങാപ്പറമ്പ് കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്ന പൂജാ ചടങ്ങുകൾക്ക് ശേഷമായിരുന്നു കൊടിയേറ്റം. ദേശക്കാരാണ് കൊടിയേറ്റിയത്. കാവടി എഴുന്നെള്ളിപ്പുകൾ വരുന്ന 17 ദേശങ്ങളിൽ നിന്നുള്ള കമ്മിറ്റിക്കാരും ഭക്തജനങ്ങളും കൊടിയേറ്റച്ചടങ്ങിൽ പങ്കെടുത്തു. ഈ മാസം 18 നാണ് ക്ഷേത്രത്തിലെ പൂരം-കാവടി ആഘോഷങ്ങൾ. അരിമ്പൂരിന്റെ വിവിധ ദേശങ്ങളിൽ നിന്നായി 17 സെറ്റ് കാവടി ഘോഷയാത്രകൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലെത്തി അഭിഷേകം നടത്തും. ഉത്സവത്തിന്റെ ഭാഗമായി ഏഴ് ദിവസം കലാപരിപാടികൾ, ഗണപതി ഹോമം എന്നിവ ഉത്സവ കമ്മിറ്റികളുടെ നേതൃത്വത്തിൽ നടക്കും. കൊടിയേറ്റച്ചടങ്ങുകൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ.എൻ. ഭാസ്‌കരൻ, സെക്രട്ടറി കെ.എസ്. രമേഷ്, തുടങ്ങിയവർ നേതൃത്വം നൽകി.