road
1

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സംസ്ഥാനപാതയിലെ റോഡ് കോൺക്രീറ്റിംഗ് ആദ്യഭാഗം നിർമ്മാണം പൂർത്തിയാക്കി ഗതാഗതത്തിന് തുറന്ന് നൽകി. ക്രൈസ്റ്റ് കോളേജ് ജംഗ്ഷൻ മുതൽ പൂതംകുളം ജംഗ്ഷൻ വരെയുള്ള ഭാഗമാണ് തുറന്ന് നൽകിയത്. കുടിവെള്ള പെപ്പ് ഇട്ടത് മൂലം ആകെ തകർന്ന റോഡ് ആഗസ്റ്റ് 19നാണ് കോൺക്രീറ്റിംംഗിനായി പൊളിച്ചത്. 80 ദിവസം കൊണ്ട് നിർമ്മാണം പൂർത്തികരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും പലയിടത്തും പൈപ്പ് കണക്്ഷനുകൾ പൊട്ടിയതും കേബിളുകൾ യഥാസമയത്ത് മാറ്റാതിരുന്നതും നിർമ്മാണം നടക്കുന്നിടത്തെ ജലത്തിന്റെ സാന്നിദ്ധ്യവും നിർമ്മാണം വൈകിപ്പിക്കുകയായിരുന്നു. ആദ്യം ഒറ്റവരിയായി ഇതുവഴി ഗതാഗതം ഉണ്ടായിരുന്നെങ്കിലും പിന്നീട് പൂർണമായും റോഡ് അടച്ചുകെട്ടി രണ്ട് ഭാഗവും ഒരുമിച്ച് കോൺക്രീറ്റിംഗ് നടത്തുകയാണ് ചെയ്തത്. റോഡിന്റെ പടിഞ്ഞാറെ ഭാഗത്ത് കൂടെ വീടുകളിലേയ്ക്കുള്ള കുടിവെള്ള കണക്്ഷനായി പൈപ്പിടുന്ന ജോലികളും അതിന് ശേഷം കാനനിർമ്മാണവും ടൈൽസ് ഇടുന്ന പ്രവൃത്തികളും ഇനി ചെയ്ത് തീർക്കാനുണ്ട്. മാപ്രാണം മുതൽ ക്രൈസ്റ്റ് ജംഗ്ഷൻ വരെ കോൺക്രീറ്റിംഗ് ജോലികൾ നടക്കുന്നതിനാൽ മാപ്രണം മുതൽ ക്രൈസ്റ്റ് ജംഗ്ഷൻ വരെ ഒറ്റവരി ഗതാഗതം തന്നെയാണ് നിലവിലുള്ളത്.