brc
1

അന്നമനട : സഹപാഠിക്കൂട്ടം വീട്ടിലെത്തിയപ്പോൾ വേദനകളെല്ലാം മറന്ന് സയാനും ആഘോഷങ്ങളിൽ മുഴുകി. അന്നമനട ഗവ. യു.പി സ്‌കൂളിലെ നാലാംക്ലാസുകാരൻ മുഹമ്മദ് സയാന്റെ വീട്ടിലാണ് മാള ബി.ആർ.സിയുടെ നേതൃത്വത്തിൽ'ക്രിസ്മസ് ചങ്ങാതി'ആഘോഷം സംഘടിപ്പിച്ചത്. ജനിതക രോഗമായ മസ്‌കുലാർ ഡിസ്‌ട്രോഫിയുള്ള സയാന് ചലന പരിമിതിയുണ്ട്. ഒറ്റപ്പെടലിൽ നിന്നും മുക്തനാക്കാൻ ക്ലാസിലെ ചങ്ങാതിക്കൂട്ടം എല്ലാ ആഘോഷവേളകളിലും വീട്ടിലെത്താറുണ്ട്.
സഹപാഠികൾ സയാനെ സന്ദർശിച്ച് ക്രിസ്മസ് ആശംസകൾ നേർന്നു. ക്രിസ്മസ് സമ്മാനങ്ങളും കൈമാറി. വീട്ടിൽ ക്രിസ്മസ് ട്രീ ഒരുക്കൽ, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. സയാൻ കേക്ക് മുറിച്ച് പുഞ്ചിരിയോടെ കൂട്ടുകാർക്കും അദ്ധ്യാപകർക്കും നൽകി. ബി.ആർ.സിയുടെ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായായിരുന്നു പരിപാടി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ജയൻ അദ്ധ്യക്ഷയായി. ബി.ആർ.സി ട്രെയിനർ എ.ഡി. ബൈജു, പഞ്ചായത്ത് അംഗം കെ.എ. ബൈജു, പി.ടി.എ പ്രസിഡന്റ് കെ. ശ്രീജിത്ത് അദ്ധ്യാപകരായ എ.ജി. രജനി, ഇ.ആർ. ശാരിഷ, സ്‌പെഷ്യൽ എജുക്കേറ്റർമാരായ ജിൻസി ജോസ്, കെ.ഡി. സുജ, ജെയ്‌നി ജോസഫ് എന്നിവർ പങ്കെടുത്തു.