
തൃശൂർ: വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ ഈഴവർക്ക് മതിയായ പ്രാതിനിദ്ധ്യം വേണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.ശ്രീനാരായണ പെൻഷനേഴ്സ് കൗൺസിൽ തൃശൂർ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂടുതൽ സീറ്റ് നേടണം. അതിനായി പാർട്ടി മാറേണ്ടതില്ല. രാഷ്ട്രീയ പാർട്ടികളോട് ഈ ആവശ്യം ഉന്നയിക്കണം. സീറ്റ് തന്നില്ലെങ്കിൽ പകരം സ്ഥാനാർത്ഥിയെ നിറുത്തണം. പാർട്ടി ഏതായാലും സ്ഥാനാർത്ഥിയുണ്ടാകണമെന്ന സന്ദേശമാണ് ഉൾക്കൊള്ളേണ്ടത്. ഇരുപത്തിനാല് മണിക്കൂറും മതം പറയുന്നവർ സ്ഥാനാർത്ഥികളും മതേതരത്വം പറയുന്ന ഈഴവർ വോട്ടു കുത്തി യന്ത്രങ്ങളുമാകുന്നു. ജനപ്രതിനിധികളിൽ ഈഴവർ കുറവാണ്. പാർട്ടി നേതൃത്വങ്ങളിലുള്ള ഈഴവരെ പുറത്താക്കാനും ശ്രമമുണ്ട്. ഇതു മാറണം. ശ്രീനാരായണ ഗുരുവിനെ വിപ്ലവകാരിയെന്നും സാമൂഹ്യപരിഷ്കർത്താവെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ ഈശ്വരീയതയെ മറച്ചുവച്ച് സാധാരണക്കാരനായി ചിത്രീകരിക്കുകയാണ്. കുണ്ഡലിനിപ്പാട്ടും ആത്മവിലാസവും ഉൾപ്പെടെയുള്ള കൃതികളിലൂടെ ഗുരുവിന്റെ ഈശ്വരീയത ബോദ്ധ്യമാകും. ഗുരു ബ്രഹ്മവും വിഷ്ണുവും മഹേശ്വരനുമാണ്.. ഗദ്യപ്രാർത്ഥനയിൽ നാശമില്ലാത്ത അറിവാണ് താനെന്നും അതെന്നും പ്രകാശിക്കുമെന്നും ഗുരു പറയുന്നു.
ഐ.പി.എസ്, ഐ.എ.എസ്, ഐ.ആർ.എസ് തലത്തിലേക്ക് പുതുതലമുറയെ നയിക്കാൻ താൻ നടത്തിയ ശ്രമം വേണ്ടത്ര ഫലം കണ്ടില്ല. പെൻഷനേഴ്സ് കൗൺസിൽ ഇതിന് മുന്നിട്ടിറങ്ങിയതിൽ സന്തോഷമുണ്ട്. ഇക്കാര്യത്തിൽ എസ്.എൻ.ഡി.പി യോഗം ഒപ്പമുണ്ടാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ വി.കെ.ഹരിദാസ് അദ്ധ്യക്ഷനായി. കൺവീനർ ഡോ.ഷിബു പണ്ടാല, എസ്.എൻ.പി.സി കേന്ദ്രസമിതി സെക്രട്ടറി എം.എൻ.ശശിധരൻ, വൈസ് പ്രസിഡന്റ് ഡോ.കെ.സോമൻ, തൃശൂർ യൂണിയൻ പ്രസിഡന്റ് എ.വി.സജീവ്, ട്രഷറർ ഡോ.ആർ.ബോസ്, എം.കെ.നാരായണൻ, യോഗം കൗൺസിലർമാരായ പി.കെ.പ്രസന്നൻ, സി.എം.ബാബു, വനിതാസംഘം കേന്ദ്രകമ്മിറ്റി സെക്രട്ടറി അഡ്വ.സംഗീത വിശ്വനാഥൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.വി.രഞ്ജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.