atm

തൃശൂർ: എ.ടി.എമ്മുകളിൽ നിന്ന് 69.43 ലക്ഷം കവർന്ന സംഭവത്തിൽ പിടിച്ചെടുത്ത പണം ബാങ്ക് അധികൃതർക്ക് ലഭിക്കാൻ സമയമേറെയെടുക്കും. രണ്ടര മാസം മുമ്പാണ് വിവിധ എ.ടി.എമ്മുകളിൽ നിന്ന് പണം കവർന്നത്. കവർച്ചാസംഘത്തെ പിടികൂടിയതും പണം പിടിച്ചെടുത്തതും തമിഴ്‌നാട് പൊലീസാണ്. കോടതി നടപടികൾ എല്ലാം നടക്കുന്നത് അവിടെയാണ്. കവർച്ചാകേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് തൃശൂരിലെ മൂന്ന് സ്റ്റേഷനുകളിലായാണ്. പണം തിരികെ ലഭിക്കുന്നതിന്റെ ഭാഗമായി കോടതി മാറ്റത്തിന് പൊലീസ് തമിഴ്‌നാട് കോടതിയിൽ അപേക്ഷ നൽകി.

ഇതുവരെ അപേക്ഷ കോടതി പരിഗണനയ്‌ക്കെടുത്തിട്ടില്ല. കോടതി തൃശൂരിലേക്ക് മാറ്റിയാലാണ് ബാങ്ക് അധികൃതർക്ക് പണം തിരികെ ലഭിക്കാനുള്ള അപേക്ഷ നൽകാനാകൂ. നിലവിലെ സാഹചര്യത്തിൽ മാസങ്ങൾക്ക് ശേഷമേ പണം തിരിച്ചുകിട്ടാനുള്ള സാദ്ധ്യതയുള്ളൂ. എസ്.ബി.ഐയുടെ മാപ്രാണം, തൃശൂർ ഷൊർണൂർ റോഡ്, കോലഴി എന്നിവിടങ്ങളിലെ എ.ടി.എമ്മുകളിൽ നിന്ന് മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് കൊള്ള നടത്തിയത്. തുടർന്ന് ദേശീയപാത വഴി തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നാമക്കലിൽ വച്ച് പ്രതികൾ പിടിയിലാകുന്നതും മോഷ്ടിച്ച പണം കണ്ടെടുക്കുകയും ചെയ്തത്. നാമക്കലിൽ കവർച്ചാസംഘം സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനത്തിലിടിച്ചതിനെ തുടർന്ന് തർക്കം നടന്നതാണ് പ്രതികളെ പിടികൂടാൻ സഹായകമായത്. പിന്നീട് പ്രതികളെ തൃശൂരിലെ കവർച്ചാ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പും നടത്തി.


പ്രതികൾ ഇപ്പോഴും റിമാൻഡിൽ


എ.ടി.എം കവർച്ചാ കേസ് പ്രതികൾ തമിഴ്‌നാട്ടിൽ റിമാൻഡിലാണ്. ഹരിയാന സ്വദേശി അസ്‌കർ അലിയാണ് (30) വെടിയേറ്റ് ചികിത്സയിലുള്ളത്. പൽവാൽ സ്വദേശികളായ ഇർഫാൻ, ഷാബിർ ഖാൻ (26), ഷൗക്കീൻ, മുബാറക്ക്, നൂഹ് ജില്ലയിലെ മുഹമ്മദ് ഇക്രാം (42) എന്നിവരാണ് പ്രതികൾ. രക്ഷപ്പെടുന്നതിനിടെ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കണ്ടെയ്‌നർ ഡ്രൈവറും ഉത്തരേന്ത്യൻ സ്വദേശിയുമായ ജലാലുദ്ദീൻ (37) കൊല്ലപ്പെട്ടിരുന്നു. നാമക്കൽ ജില്ലയിലെ കുമാരപാളയത്തിന് സമീപം ദേശീയപാതയിലെ പച്ചംപാളയത്ത് വച്ചായിരുന്നു പ്രതികളെ പിടികൂടിയത്. ഹരിയാനയിലെ നൂഹ് ജില്ലയിലെ മേവാത് ഗ്രാമം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കൊള്ള സംഘമാണിവർ. ഗൂഗിൾ മാപ്പ് നോക്കിയാണ് കവർച്ചാ സ്ഥലം തെരഞ്ഞെടുക്കുക. കോയമ്പത്തൂർ സേലം റൂട്ടിലെ എതാനും എ.ടി.എമ്മുകൾ കൂടി സംഘം ലക്ഷ്യം വച്ചിരുന്നതായി ചോദ്യംചെയ്യലിൽ തെളിഞ്ഞു. കവർച്ചക്കാരുടെ ബാങ്ക് അക്കൗണ്ടും പരിശോധിച്ചുവരുന്നു.