വടക്കാഞ്ചേരി: കേന്ദ്ര പാർപ്പിട നഗരകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ശുചിത്വ സർവ്വേകളിലൊന്നായ സ്വച്ഛ് സർവ്വേക്ഷനൊരുങ്ങി വടക്കാഞ്ചേരി നഗരസഭ. പൊതു ഇടങ്ങളിലെ ചുമരുകളെല്ലാം ഇനി മാലിന്യത്തിനെതിരെയുള്ള സന്ദേശങ്ങളാൽ നിറയും. ഡിവിഷനുകളിൽ സ്‌നേഹാരാമം ഒരുക്കും. ഇരുപതിടത്ത് പൂർത്തിയായി. നഗരസഭ കാര്യാലയത്തിൽ വർണ്ണ ചിറകുകൾ വിടർത്തിയ ചിത്രശലഭത്തിന്റെ സെൽഫി പോയിന്റാണ് തയ്യാറാക്കിയിട്ടുള്ളത്. പൊതു ശൗചാലയങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങളും ദിശാ ബോർഡ് സ്ഥാപിക്കുന്ന പ്രവൃത്തികളും അന്തിമ ഘട്ടത്തിലാണ്. വേയ്സ്റ്റ് ടു ആർട്ട് പ്രവർത്തനങ്ങളും ആരംഭിച്ചു. പൊതു ഇടങ്ങളിൽ വേയ്സ്റ്റ് ബിൻ, അഴുക്കുച്ചാലുകളിൽ സ്‌ക്രീനിംഗ് ചേംബർ എന്നിവ സ്ഥാപിക്കും. ത്രീ സ്റ്റാർ റേറ്റിംഗിനും ഒ.ഡി.എഫ് പ്ലസ് പദവി നിലനിർത്തുന്നതിനും അപേക്ഷ സമർപ്പിച്ചിട്ടുണ്ടെന്ന് സെക്രട്ടറി കെ.കെ.മനോജ് അറിയിച്ചു.