sakthan

തൃശൂർ: രണ്ട് വർഷത്തിന് ശേഷം വീണ്ടും ശക്തൻ കൊട്ടാരം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുന്നു. 2022 ഓഗസ്റ്റിൽ നവീകരണത്തിനായി അടച്ചതാണ് കൊട്ടാരം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ധനസഹായത്തോടെ കോടികൾ ചെലവഴിച്ചാണ് നിർമ്മാണം. പുരാവസ്തു വകുപ്പിന്റെ നിർദ്ദേശപ്രകാരം പഴമ നഷ്ടപ്പെടാത്ത വിധമായിരുന്നു നവീകരണം. മാറിവരുന്ന മ്യൂസിയം സങ്കല്പങ്ങൾക്കനുസൃതമായി ചരിത്രാതീത കാലം മുതൽ ഐക്യകേരളത്തിന്റെ രൂപീകരണ ഘട്ടം വരെയുള്ള പ്രദർശന വസ്തുക്കൾ ഉൾപ്പെടുത്തിയാണ് നിലവിൽ മ്യൂസിയം നവീകരിച്ചിരിക്കുന്നത്. പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ നടത്തുന്നത്. ഒരു വർഷത്തിനുള്ളിൽ നവീകരണം പൂർത്തിയാക്കുമെന്നാണ് പറഞ്ഞതെങ്കിലും രണ്ട് വർഷമെടുത്തു പൂർത്തിയാക്കാൻ. രണ്ട് വർഷത്തെ സീസൺ പൂർണമായി നഷ്ടപ്പെട്ടതോടെ ലക്ഷങ്ങളുടെ വരുമാന നഷ്ടമുണ്ടായി. പല തവണ കരാറുകാരെ മാറ്റിയ ശേഷമാണ് നവീകരണം നടന്നത്.


പൂർത്തീകരിച്ചവ
മെഗാലിത്തിക്ക് യുഗ ഗാലറി

തടികൊണ്ടുള്ള ഫർണീച്ചറുകൾ

പൂന്തോട്ടം

ഗേറ്റ്

ഓഫീസ്, ഗാർഡ് റൂമുകൾ

കോമ്പൗണ്ട് ഭിത്തി

വ്യത്യസ്ത ഗ്യാലറികൾ

ശിൽപ്പഗ്യാലറി (ഒമ്പതാം നൂറ്റാണ്ട് മുതൽ 17-ാം നൂറ്റാണ്ട് വരെയുള്ള കരിങ്കൽ പ്രതിമകൾ ഇതിൽ പ്രദർശിപ്പിച്ചിരിക്കുന്നു, ശക്തൻ തമ്പുരാന്റെ അന്ത്യവിശ്രമ സ്ഥലവും ഇതിലാണ്)

പൂന്തോട്ടങ്ങൾ

കുട്ടികളുടെ കളിയിടം

പൂമ്പാറ്റകളുടെ പാർക്ക്

ഔഷധപ്പാർക്ക്

മട്ടുപ്പാവുകൾ


തൃശൂർ പുരാവസ്തു മ്യുസിയം
കൊച്ചിൻ ആർക്കിയോളജി വകുപ്പിന്റെ നേതൃത്വത്തിൽ 1938ൽ തൃശൂർ ടൗൺഹാളിൽ സ്ഥാപിതമായ ശ്രീമൂലം ചിത്രശാലയാണ് പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ പുരാതന ചരിത്രം വരച്ചുകാട്ടുന്ന അപൂർവ പുരാവസ്തുക്കൾ കൂടി ഉൾപ്പെടുത്തി 2005ൽ ശക്തൻ തമ്പുരാൻ കൊട്ടാരത്തിൽ പുനഃസജ്ജീകരിക്കപ്പെട്ടു.


ഉദ്ഘാടനം 20ന്

20ന് വൈകിട്ട് 4.30ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം നിർവഹിക്കും. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ.വർഗീസ് എന്നിവർ മുഖ്യാതിഥികളാകും. കേരളം മ്യൂസിയം എക്‌സിക്യുട്ടീവ് ഡയറക്ടർ ആർ.ചന്ദ്രൻ പിള്ള റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ്, ഡെപ്യുട്ടി മേയർ എം.എൽ.റോസി, കളക്ടർ അർജുൻ പാണ്ഡ്യൻ, ഡിവിഷൻ കൗൺസിലർ റെജി ജോയ്, ആയുഷ് വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ നാംദേവ് ഗോബ്രഗഡെ, പുരാവസ്തുവകുപ്പ് ഡയറക്ടർ ഇ.ദിനേശൻ തുടങ്ങിയവർ പങ്കെടുക്കും.

ശക്തൻ തമ്പുരാൻ കൊട്ടാരം