ഇരിങ്ങാലക്കുട : നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ സൂക്ഷിച്ചിരിക്കുന്ന വിവിധതരത്തിലുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും നീക്കം ചെയ്യുന്നതിൽ നിന്ന് ക്ലീൻ കേരള കമ്പനിയെ ഒഴിവാക്കുന്നത് സംബന്ധിച്ച അജണ്ടയ്ക്ക് കൗൺസിൽ അംഗീകാരം. നഗരസഭയിൽ ശേഖരിക്കുന്ന അജൈവമാലിന്യങ്ങളുടെ അളവ് ഗണ്യമായ രീതിയിൽ വർദ്ധിച്ച സാഹചര്യത്തിൽ അതേ തോതിൽ മാലിന്യങ്ങൾ നീക്കം ചെയ്യാൻ ക്ലീൻ കേരള കമ്പനിക്ക് സാധിക്കാത്തതിനാലാണ് തത്സഥാനത്തുനിന്ന് കമ്പനിയെ ഒഴിവാക്കാൻ തീരുമാനിച്ചത്. മാലിന്യം നീക്കം ചെയ്യുന്നത് വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ക്ലീൻ കേരള കമ്പനിക്ക് പല പ്രാവശ്യം കത്തുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നിലവിൽ പ്രൊപോസൽ സമർപ്പിച്ച ഗ്രീൻ വേംസ് എന്ന സ്ഥാപനവുമായി എഗ്രിമെന്റിൽ ഏർപ്പെട്ടിട്ടുണ്ട്.
ഗവ. മോഡൽ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിലെ പഴയ ഓഡിറ്റോറിയം പൊളിച്ച് നീക്കി ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഓഡിറ്റോറിയം നിർമ്മിക്കുന്നത് സംബന്ധിച്ച 22-ാമത്തെ അജണ്ടയിൽ തർക്കമുണ്ടായി. മന്ത്രിയും എം.എൽ.എയുമായ ഡോ.ആർ. ബിന്ദുവിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 99 ലക്ഷം രൂപ ഓഡിറ്റോറിയം നിർമ്മാണത്തിനായി വകയിരുത്തിയിട്ടുണ്ട്. ഇരിങ്ങാലക്കുട പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനിയർ സമർപ്പിച്ച പ്ലാൻ പ്രകാരം ഓഡിറ്റോറിയം നിർമ്മാണത്തിന് അനുമതി ആവശ്യപ്പെട്ട് പ്രിൻസിപ്പൽ സമർപ്പിച്ച കത്ത് കൗൺസിൽ അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു. നിലവിലെ കെട്ടിടം പൊളിച്ച് നീക്കാൻ സർക്കാർ അനുമതി ആവശ്യമാണെന്ന് നഗരസഭ എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് ചെയ്തതിനാൽ സർക്കാർ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ പുതിയ ഓഡിറ്റോറിയത്തിന് അനുമതി നൽകാൻ കഴിയുയെന്ന് ചെയർപേഴ്‌സൺ മേരിക്കുട്ടി അറിയിച്ചതാണ് തർക്കം രൂക്ഷമാക്കിയത്. ഒരു കോടി രൂപയോളം ചെലവ് വരുന്ന പദ്ധതിക്ക് 15നുള്ളിൽ ഭരണാനുമതി ലഭിച്ചില്ലെങ്കിൽ പദ്ധതി പണം ലാപ്‌സ് ആകുമെന്ന് എൽ.ഡി.എഫ് അംഗങ്ങൾ അറിയിച്ചു. നടൻ ഇന്നസെന്റിന്റെ പേരിൽ നിർമ്മിക്കാനിരിക്കുന്ന സ്മാരകത്തെ അട്ടിമറിക്കാനാണ് നഗരസഭ ശ്രമിക്കുന്നതെന്നും എൽ.ഡി.എഫ് വിമർശിച്ചു. തർക്കത്തെ തുടർന്ന് പഴയ കെട്ടിടം പൊളിച്ചു നീക്കുക എന്ന ഭാഗം ഒഴിവാക്കി ആധുനിക രീതിയിലുള്ള ഓഡിറ്റോറിയം നിർമ്മാണത്തിന് ഭരണാനുമതി നൽകാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ് അദ്ധ്യക്ഷയായി.