corporation

തൃശൂർ: കോർപ്പറേഷന്റെ അനാസ്ഥയ്ക്ക് ലക്ഷങ്ങളുടെ പിഴയടയ്‌ക്കേണ്ട ഗതികേടിൽ കെട്ടിട ഉടമകൾ. 5000 മുതൽ എട്ട് ലക്ഷം വരെയുള്ള നോട്ടീസാണ് ഉദ്യോഗസ്ഥരെത്തി വീട്ടിലും സ്ഥാപനങ്ങളിലും നൽകുന്നത്. നോട്ടീസ് കിട്ടി എട്ട് ദിവസത്തിനുള്ളിൽ തുക അടയ്ക്കണമെന്ന അന്ത്യശാസനവും നൽകുന്നുണ്ട്. നോട്ടീസ് കൈപ്പറ്റിയതായി നിർബന്ധിച്ച് ഒപ്പും വാങ്ങും. കോർപ്പറേഷൻ സെക്രട്ടറി ഒപ്പുവയ്‌ക്കേണ്ട നോട്ടീസിൽ ആരുടെയും ഒപ്പില്ല. ഇത് ചോദ്യം ചെയ്ത പലരോടും തങ്ങൾക്ക് ഒന്നുമറിയില്ല, മേലുദ്യോഗസ്ഥരുടെ ഉത്തരവാണെന്നാണ് മറുപടി. 2016 മുതലുള്ള പലിശയും പിഴപ്പലിശയുമടക്കമുള്ള കുടിശിക നോട്ടീസാണ് നൽകുന്നത്.

2013 വരെ റെന്റ് വാല്യൂ അടിസ്ഥാനത്തിലാണ് നികുതി പിരിച്ചിരുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിസ്തീർണ അടിസ്ഥാനത്തിൽ നികുതി പിരിക്കാനുള്ള നിർദ്ദേശം നൽകി. അത് നടപ്പാക്കിയില്ല. 2019ൽ പിണറായി സർക്കാർ വിസ്തീർണം അടിസ്ഥാനമാക്കി കെട്ടിട നികുതി പിരിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ നിർദ്ദേശിച്ചു. മുൻകാല പ്രാബല്യത്തോടെ 2016 മുതൽ കുടിശികയടക്കം നികുതി പിരിക്കാനാണ് ഉത്തരവ് നൽകിയത്. സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകളും കോർപറേഷനുകളും ഇത് നടപ്പാക്കിയെങ്കിലും തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് തൃശൂരിൽ നടപ്പാക്കിയില്ല.

ഇതോടെ കോടികൾ കുടിശികയായി. നികുതി കുടിശിക പിരിച്ചെടുത്തില്ലെങ്കിൽ ഉദ്യോഗസ്ഥരിൽ നിന്ന് പണം പിടിക്കുമെന്ന ഭീഷണിയായതോടെയാണ് കഴിഞ്ഞദിവസം മുതൽ നോട്ടീസ് നൽകിയത്. കോർപ്പറേഷൻ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു.


കോർപ്പറേഷന്റെ കടുംവെട്ടാണിത്. ജനങ്ങളെ കഷ്ടത്തിലാക്കുന്ന ഭരണാധികാരികളുടെ അനാസ്ഥയാണ് ഇതിനൊക്കെ കാരണം. കോർപ്പറേഷൻ ഭരണാധികാരികളും ഉദ്യോഗസ്ഥരും ചെയ്ത തെറ്റിന്റെ ശിക്ഷ ജനം അനുഭവിക്കേണ്ട ഗതികേടിലാണ്.

രാജൻ ജെ.പല്ലൻ
പ്രതിപക്ഷ നേതാവ്

ഉദ്യോഗസ്ഥർ തെറ്റായ രീതിയിൽ കുടിശിക നോട്ടീസ് നൽകിയിട്ടുണ്ടെങ്കിൽ അത് തിരുത്തും. കുടിശിക വന്നതാണ് പിരിക്കുന്നത്. കണക്ക് കൂട്ടിയതിൽ തെറ്റ് വന്നതായി പലർക്കും കിട്ടിയ നോട്ടീസിൽ കണ്ടെത്തിയിരുന്നു. അതൊക്കെ പരിഹരിച്ച് നൽകും.

സാറാമ്മ റോബ്‌സൺ
നികുതി, അപ്പീൽകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ.