
തൃശൂർ: സാമ്പത്തിക പ്രതിസന്ധിക്കിടെ, സർക്കാരിൽ നിന്ന് ഗ്രാന്റ് കിട്ടാത്തതിനെ തുടർന്ന് കലാമണ്ഡലം ജീവനക്കാർക്ക് കിട്ടിയത് നവംബറിലെ പകുതി ശമ്പളം. 90 ലക്ഷം വേണ്ടിടത്ത് സർക്കാരിൽ നിന്ന് കിട്ടിയത് 50 ലക്ഷമാണ്. അഡിഷണൽ ഗ്രാന്റ് ഒന്നരക്കോടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കലാമണ്ഡലം അധികൃതർ സാംസ്‌കാരിക മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇത് കിട്ടിയാലേ ബാക്കി ശമ്പളവും ഓഫീസ് ചെലവുമുൾപ്പെടെ നൽകാനാകൂ. ഇത് ഉടൻ അനുവദിക്കണമെന്ന് മന്ത്രി ധനവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് തുക ലഭിക്കാത്തതെന്നാണ് വിവരം.
ശമ്പളം കൊടുക്കാൻ പണമില്ലാത്തതിനെ തുടർന്ന് 132 താത്കാലികക്കാരെ നവംബർ 30ന് പിരിച്ചുവിട്ടിരുന്നു. തുടർന്നാണ് പ്രശ്‌നത്തിൽ മന്ത്രി ഇടപെട്ടത്. പ്രതിവർഷം ലഭിക്കുന്ന 7.75 കോടി ഗ്രാന്റ് തികയാത്തതിനാൽ കലാമണ്ഡലം അധികൃതർ സർക്കാരിൽ സമ്മർദ്ദം ചെലുത്തി അധികഗ്രാന്റ് വാങ്ങുകയാണ് ചെയ്യുന്നത്. കഴിഞ്ഞവർഷം മൂന്ന് കോടിയോളം അധികഗ്രാന്റ് ലഭിച്ചിരുന്നു. സുഗമമായ പ്രവർത്തനത്തിന് ചുരുങ്ങിയത് 11 കോടിയെങ്കിലും വേണം.
തനത് ഫണ്ട് വർദ്ധിപ്പിക്കാൻ ശ്രമം
കലാമണ്ഡലത്തിന് പുറത്ത് അവതരിപ്പിക്കുന്ന പരിപാടികളിലൂടെയും മറ്റും തനത് ഫണ്ട് വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും വിജയിക്കുന്നില്ല. വിദേശത്ത് കഥകളി ഉൾപ്പെടെ കൂടുതൽ പരിപാടികൾ നടത്തുമെന്നും വിദേശ ഫണ്ട് കൊണ്ടുവരുമെന്നും ചാൻസലറായ മല്ലിക സാരാഭായ് പറഞ്ഞിരുന്നെങ്കിലും നടന്നില്ല. ഇപ്പോൾ പരമാവധി 50 ലക്ഷമാണ് പ്രതിവർഷ തനത് വരുമാനം.
ഒന്നരക്കോടി അഡിഷണൽ ഗ്രാന്റ് ആവശ്യപ്പെട്ടതിൽ സർക്കാർ നടപടിക്രമം തുടരുകയാണ്. ഒരാഴ്ചയ്ക്കുള്ളിൽ കിട്ടുമെന്നാണ് പ്രതീക്ഷ.
ഡോ.ബി.അനന്തകൃഷ്ണൻ
വൈസ് ചാൻസലർ