ambika-samaram

തൃശൂർ: ഒരു മാസം പിന്നിട്ടു കഴിഞ്ഞു സി.പി.എം മുൻ പഞ്ചായത്തംഗം അംബിക ചിദംബരത്തിന്റെ സമരം. സി.പി.എം ഭരിക്കുന്ന പാണഞ്ചേരി പഞ്ചായത്തിനു മുമ്പിലാണ് പട്ടിക്കാട് ബസ് സ്റ്റാൻഡ് പരിസരത്തെ പട്ടികജാതി വനിതാ സമുച്ചയത്തിൽ ലേലം പിടിച്ചെടുത്ത കടമുറി അനുവദിച്ചു തരണമെന്നും ലേലം ഒഴിവായ കടമുറിയുടെ ഡെപ്പോസിറ്റ് തുക തിരിച്ചു തരണമെന്നും ആവശ്യപ്പെട്ട് അംബിക ഒറ്റയാൾ സമരം നടത്തുന്നത്. പഞ്ചായത്ത് ഭരണസമിതിയും സെക്രട്ടറിയും വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദനും നീതിപാലിക്കണമെന്നും അംബിക ആവശ്യപ്പെട്ടു. പട്ടികജാതി വനിതാ സമുച്ചയത്തിലെ മുറി ലേലം ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടർന്ന് കഴിഞ്ഞ ഓഗസ്റ്റിലും പഞ്ചായത്ത് ഓഫീസിന് മുമ്പിൽ അംബിക സമരം നടത്തിയിരുന്നു. പിന്തുണയുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. നവംബർ എട്ടിനാണ് സമരം ആരംഭിച്ചത്. അനാവശ്യ സമരമാണെന്നും ആരോപണം ശരിയല്ലെന്നും പറഞ്ഞാണ് ഭരണസമിതി വിഷയത്തിൽ പ്രതികരിക്കാതിരിക്കുന്നത്.